ADVERTISEMENT

കൊച്ചി∙ കൊല്ലം – എറണാകുളം റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് അനുവദിച്ച പുതിയ മെമു സര്‍വീസിനു വഴിനീളെ വരവേൽപ്. ട്രെയിന്‍ അനുവദിക്കാൻ പ്രത്യേകം പരിശ്രമിച്ച കൊടിക്കുന്നിൽ സുരേഷ് എംപിയെയും യാത്രക്കാർ അനുമോദിച്ചു. 9.35ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ മെമുവിന് ഇവിടെയും ‘ഫ്രണ്ട്സ് ഓൺ റെയിൽസ്’ പ്രവർത്തകർ സ്വീകരണം ഒരുക്കിയിരുന്നു. റെയിൽവേ ജീവനക്കാര്‍ക്കും നന്ദി പറഞ്ഞ യാത്രക്കാർ സന്തോഷസൂചകമായി ലഡു വിതരണവും നടത്തി. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 5.55ന് കൊല്ലത്തുനിന്നു പുറപ്പെട്ട് എറണാകുളം സൗത്തില്‍ എത്തുന്ന രീതിയിലാണു പുതിയ മെമു അനുവദിച്ചിരിക്കുന്നത്.

നേരത്തെ 6.15നായിരുന്നു യാത്ര പുറപ്പെടുന്ന സമയം നിശ്ചയിച്ചിരുന്നത് എങ്കിലും പെരിനാട്, മൺറോതുരുത്ത് എന്നിവിടങ്ങളിലും സ്റ്റോപ് അനുവദിച്ചതോടെ യാത്ര നേരത്തെയാക്കുകയായിരുന്നു. സ്പെഷൽ ട്രെയിൻ എന്ന നിലയിലാണ് എട്ട് കോച്ചുകളുള്ള ഈ ട്രെയിൻ അനുവദിച്ചിട്ടുള്ളത്. ഈ ട്രെയിൻ തിരിച്ച് 9.50ന് എറണാകുളം സൗത്തിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35ന് കൊല്ലത്തെത്തും.

കൊല്ലം, പെരിനാട്, മൺറോതുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലാണ് ട്രെയിനുകൾ‍ക്ക് സ്റ്റോപ്പുള്ളത്. രാവിലെ 6.59ന് കായംകുളം ജംക്‌ഷനിലെത്തുന്ന ട്രെയിൻ ഒരു മിനിറ്റിനുശേഷം പുറപ്പെടും. 7.56നാണ് കോട്ടയത്ത് എത്തുന്നത്. ഇവിടെനിന്ന് 7.58ന് പുറപ്പെടുന്ന ട്രെയിൻ ഏറ്റുമാനൂരിൽ 8.08ന് എത്തി ഒരു മിനിറ്റിനുശേഷം പുറപ്പെടും. 8.55ന് തൃപ്പൂണിത്തുറയിൽ എത്തുന്ന ട്രെയിൻ ഒരു മിനിറ്റിനുശേഷം എറണാകുളം സൗത്തിലേക്കു പോകും. ഇവിടെ 9.35ന് എത്തും. ഇവിടെനിന്ന് 9.50ന് പുറപ്പെടുന്ന ട്രെയിൻ 1.07ന് തൃപ്പൂണിത്തുറയിലും 11.10ന് കോട്ടയത്തും 12.13ന് കോട്ടയത്തും ഉച്ച കഴിഞ്ഞ് 1.35ന് കൊല്ലത്തും എത്തും. 

രാവിലെ അതീവ തിരക്കുള്ള കോട്ടയം–എറണാകുളം റൂട്ടിൽ യാത്രാക്ലേശം മൂലം യാത്രക്കാർ ബുദ്ധിമുട്ടുന്നതു വലിയ തോതിൽ ചർച്ചയായിരുന്നു. രാവിലെയുള്ള പാലരുവി, വേണാട് ട്രെയിനുകളിൽ കയറാൻപോലും പറ്റാത്തത്ര തിരക്ക് അനുഭവപ്പെട്ടതോടെ പലരും തളർന്നു വീഴുന്നതു നിത്യസംഭവമായിരുന്നു. ഇരു ട്രെയിനുകൾക്കും ഇടയിൽ ഒരു മെമു സർവീസ് ആരംഭിക്കുക എന്നതായിരുന്നു പരിഹാരമായി യാത്രക്കാർ മുന്നോട്ടുവച്ചത്. തുടര്‍ന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് പോലുള്ള യാത്രക്കാരുടെ കൂട്ടായ്മകൾ കേരളത്തിൽനിന്നുള്ള എംപിമാരും മന്ത്രിമാരും വഴി കേന്ദ്രത്തിനു നിരവധിത്തവണ ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഒടുവിൽ കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര റെയില്‍ മന്ത്രിക്കു മുമ്പാകെ വിഷയം എത്തിച്ചു പരിഹാരം ഉണ്ടാക്കുകയായിരുന്നു. 

വേണാട് എറണാകുളം സൗത്ത് സ്റ്റേഷനു പകരം നോർത്തിലേക്ക് സ്റ്റോപ് മാറ്റിയത് യാത്രക്കാരെ ഏറെ ദുരിതത്തിലായിക്കിയിരുന്നു. തുടർന്ന് പലരും തൃപ്പൂണിത്തുറ കൊണ്ട് യാത്ര മതിയാക്കി മെട്രോ ട്രെയിനിൽ കയറിയാണ് സൗത്ത് ഭാഗത്തേക്കു പോയിരുന്നത്. ഇതു മാസത്തിൽ 2000ൽ ഏറെ രൂപയുടെ അധികച്ചിലവാണു യാത്രക്കാർക്ക് ഉണ്ടാക്കിയിരുന്നത്. ‘‘എന്തുകൊണ്ട് യാത്രക്കാർ സൗത്ത് റെയിൽവേ സ്റ്റേഷനെ കൂടുതലായി ആശ്രയിക്കുന്നത് എന്നതിന്റെ തെളിവാണ് ഇന്ന് മെമുവിൽ വന്നിറങ്ങിയ ആൾക്കൂട്ടം’’, ഫ്രണ്ട്സ് ഓൺ റെയിൽസ് പ്രതിനിധി ശ്രീജിത് കുമാർ പറഞ്ഞു. പുതിയ മെമു തുടങ്ങിയതു മാത്രമല്ല, സൗത്തിലേക്കു യാത്ര നീട്ടിയതിന്റെ കൂടി ആശ്വാസത്തിലാണ് യാത്രക്കാർ.

English Summary:

New MEMU Train Eases Travel Woes on Kollam-Ernakulam Route

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com