നടിയെ ബലാത്സംഗം ചെയ്തെന്ന കേസ്: നടൻ സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു, ശനിയാഴ്ച വീണ്ടും ഹാജരാകണം
Mail This Article
തിരുവനന്തപുരം∙ യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്തു വിട്ടയച്ചു. മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സിദ്ദിഖിനെ പ്രത്യേക അന്വേഷണസംഘം വിട്ടയച്ചത്. ശനിയാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ സിദ്ദിഖിന് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം നല്‍കിയിരുന്നു.
തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് സിദ്ദിഖ് പീഡിപ്പിച്ചു എന്നാരോപിച്ചാണ് നടി പരാതി നല്‍കിയത്. തുടര്‍ന്ന് സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റവും ഭീഷണിപ്പെടുത്തലും അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇത് തള്ളിയത് സിദ്ദിഖിന് വലിയ തിരിച്ചടിയായി. ഇതിനു പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. താല്‍ക്കാലിക മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി അനുവദിച്ചതോടെ ഏഴു ദിവസത്തെ അജ്ഞാതവാസത്തിനു ശേഷം സിദ്ദിഖ് പുറത്തു വരികയായിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. നടന്റെ മുൻകൂർ ജാമ്യഹർജിയിൽ ഈ മാസം 22ന് സുപ്രീം കോടതി വിശദവാദം കേൾക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഇ മെയിൽ വഴി അറിയിച്ചത്. സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘത്തിനും നടനും ഒരുപോലെ പ്രധാനമാണ്. സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഇരുകൂട്ടരും എന്തു നിലപാട് സ്വീകരിക്കുന്നു എന്നത് ചോദ്യം ചെയ്യലിന്റെ കൂടി അടിസ്ഥാനത്തിലാവും.