ADVERTISEMENT

ഹരിയാനയിലെയും ജമ്മു കശ്മീരിലെയും തിര‍ഞ്ഞെടുപ്പ് തന്നെയായിരുന്നു ഇന്നത്തെ പ്രധാന വാർത്ത. ഹരിയാനയിൽ ഹാട്രിക് വിജയമുറപ്പിച്ച ബിജെപി, 90 സീറ്റിൽ 48 ഇടത്താണ് വിജയിച്ചത്. കോൺഗ്രസ് 37 സീറ്റിലും ജയിച്ചു. ബിജെപി പാളയത്തിൽ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ജമ്മു കശ്മീരിൽ ഒമർ അബ്ദുല്ല മുഖ്യമന്ത്രിയാകുമെന്ന് നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്‌ദുല്ല പ്രഖ്യാപിച്ചു. എൻസിയുടെ കൈപിടിച്ച് ഇന്ത്യ സഖ്യം മികച്ച വിജയമാണ് കശ്മീരിൽ നേടിയത്. നാഷനൽ കോൺഫറൻസ് 42 സീറ്റിലും ബിജെപി 29 സീറ്റിലും വിജയിച്ചു. ഇന്ത്യാ സഖ്യം 49 സീറ്റുകളിലാണ് വിജയിച്ചത്.

അതിനിടെ കൊച്ചിയിലെ ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന നിഗമനത്തിലേക്ക് പൊലീസ്. ബിനു ജോസഫുമായാണ് ഇവർക്ക് ബന്ധമെന്നും ഇയാൾ വഴിയാണ് ഇവര്‍ ഹോട്ടല്‍ മുറിയില്‍ എത്തിയതെന്നുമാണ് പൊലീസ് കരുതുന്നത്. ഓം പ്രകാശ് ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് ഇവർ ഹോട്ടൽ മുറിയിൽ എത്തിയതെന്നും പൊലീസ് വിശ്വസിക്കുന്നു

സ്വര്‍ണക്കടത്തും ഹവാലയുമായി ബന്ധപ്പെട്ട്, അഭിമുഖത്തില്‍ മുഖ്യമന്ത്രി നടത്തിയ ‘ദേശവിരുദ്ധ’ പരാമര്‍ശം പി.വി.അന്‍വര്‍ വെളിപ്പെടുത്തിയ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം എന്നിവയെ കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ തല്‍ക്കാലം ഉത്തരമില്ലാതെ തുടരും. ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്നു ഹാജരായില്ല. സര്‍ക്കാര്‍ അറിയാതെ ഇവരെ വിളിച്ചുവരുത്താന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി ഇന്ന് കത്തയച്ചു.

അതേസമയം എഡിജിപി പി. വിജയനെ സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവിയായി നിയമിച്ചു. മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം. എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻപ് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് പി. വിജയൻ.

2024ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ ജോൺ ജെ.ഹോപ്ഫീൽഡും ബ്രിട്ടിഷ്–കനേഡിയൻ കംപ്യൂട്ടർ സയന്റിസ്റ്റ് ജെഫ്രി ഇ.ഹിന്റണും പങ്കിട്ടു. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്ക് ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കുന്ന അടിസ്ഥാനപരമായ കണ്ടെത്തലുകൾക്കാണു ഇരുവർക്കും പുരസ്കാരം ലഭിച്ചിരിക്കുന്നത്.

English Summary:

Today's News Recap 07-10-2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com