ADVERTISEMENT

കോട്ടയം ∙ അക്ഷരങ്ങളുടെ നക്ഷത്രശോഭയെ വിരൽത്തുമ്പിലുണർത്തുന്ന വിദ്യാരംഭത്തിന് നാടൊരുങ്ങി. നാളെ വിജയദശമി ദിനത്തിൽ കുരുന്നുകൾ അറിവിന്റെ ആദ്യസ്പർശമറിയും. മലയാള മനോരമ യൂണിറ്റുകളിൽ നാളെ നടക്കുന്ന വിദ്യാരംഭച്ചടങ്ങുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിലെ 11 യൂണിറ്റുകളിലും കേരളത്തിനു പുറത്ത് ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ദുബായിലും നടക്കുന്ന എഴുത്തിനിരുത്തു ചടങ്ങിൽ, വിവിധ രംഗങ്ങളിൽ വ്യക്തമുദ്ര പതിപ്പിച്ച പ്രഗത്ഭരാണ് കുട്ടികളെ അക്ഷരമെഴുതിക്കുന്നത്. രാവിലെ ആറരയോടെ എഴുത്തിനിരുത്തു തുടങ്ങും. കുഞ്ഞുങ്ങൾക്കു സമ്മാനങ്ങളും ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും നൽകും.

ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിൽ 51 ഗുരുക്കന്മാരുടെ കാർമികത്വത്തിൽ നാളെ പുലർച്ചെ 4 മുതലാണു വിദ്യാരംഭം. ഇരുപതിനായിരത്തോളം കുട്ടികൾ വിദ്യാരംഭത്തിന് എത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സരസ്വതീ നടയ്‌ക്കുമുൻപിൽ അറിവിന്റെ ആദ്യാക്ഷരങ്ങളും കലയുടെ അരങ്ങേറ്റവുമായി ഭക്‌തർ നിറയും. ദുർഗാഷ്‌ടമിയും മഹാനവമിയും ഒഴികെ ദിവസഭേദമോ സമയഭേദമോ ഇല്ലാതെ ഇവിടെ വിദ്യാരംഭം നടത്താൻ എല്ലാ ദേശത്തുനിന്നും ഭക്‌തരെത്തുന്നുണ്ട്.

കൊല്ലൂർ മൂകാംബികാ ക്ഷേത്രം, ഗുരുവായൂർ, ശങ്കരാചാര്യർ വിദ്യാരംഭം നടത്തിയെന്നു വിശ്വസിക്കപ്പെടുന്ന നെടുമ്പാശ്ശേരി ആവണംകോട് സരസ്വതീക്ഷേത്രം, കണ്ണൂർ മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം, പള്ളിക്കുന്ന് ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരൂർ തുഞ്ചൻ പറമ്പ്, പുനലൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര മണ്ഡപം, തൃശൂർ തിരുവുളളക്കാവ് തുടങ്ങിയിടത്തെല്ലാം വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. 

English Summary:

Vidyarambham ceremony preparations Manorama office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com