‘സിദ്ദിഖിയെ ആഴ്ചകളോളം നിരീക്ഷിച്ചു, പ്രതികൾ കൈപ്പറ്റിയത് 50,000 രൂപ’; ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്ണോയ് സംഘം
Mail This Article
മുംബൈ ∙ മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘം. എൻസിപി അജിത് പവാർ വിഭാഗം നേതാവായ ബാബാ സിദ്ദിഖി (66) കഴിഞ്ഞദിവസം രാത്രിയാണു വെടിയേറ്റു കൊല്ലപ്പെട്ടത്. 3 പേരാണു സിദ്ദിഖിയെ വെടിവച്ചതെന്നു പൊലീസ് പറഞ്ഞു.
പ്രതികളെന്നു സംശയിക്കുന്ന ഹരിയാന സ്വദേശി ഗുർമൽ സിങ്, യുപി സ്വദേശി ധരംരാജ് കാശ്യപ് എന്നിവരെ അറസ്റ്റ് ചെയ്തു. യുപി സ്വദേശി ശിവ്‌കുമാർ ഗൗതം, കേസുമായി ബന്ധമുള്ള നാലാമതൊരാൾ എന്നിവരെ കണ്ടെത്താനുണ്ട്. പ്രതികൾ ആഴ്ചകളോളം സിദ്ദിഖിയെ നിരീക്ഷിച്ചാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു. ആക്രമികൾക്കു മുൻകൂറായി 50,000 രൂപ വീതം നൽകി. 15 ദിവസം മുൻപ് ഇവർക്കു തോക്കുകൾ കൈമാറി. നാലാം പ്രതിയാണു തോക്കുകൾ എത്തിച്ചത്. കുർളയിലെ വാടകവീട്ടിൽ 14,000 രൂപ നൽകി ഇവർ 25–30 ദിവസം താമസിച്ചു.
സിദ്ദിഖിയെ കൊല്ലാനായി ഓട്ടോറിക്ഷയിലാണ് ഇവരെത്തിയത്. സിദ്ദിഖി എവിടെയാണ് എന്നതു സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ഇവർക്കു കിട്ടിയിരുന്നു. ബാന്ദ്ര ഈസ്റ്റിലെ സിദ്ദിഖിയുടെ മകന്റെ ഓഫിസിന് അടുത്തുവച്ചാണു രാത്രി ഒൻപതരയോടെ അക്രമികൾ രണ്ടുമൂന്നു റൗണ്ട് വെടിയുതിർത്തത്. സുരക്ഷാഭീഷണി ഉള്ളതിനാൽ സിദ്ദിഖിക്കു വൈ കാറ്റഗറി സുരക്ഷ നൽകിയിരുന്നു. പഴ്സനൽ സെക്യൂരിറ്റി ഓഫിസറും ഒപ്പമുണ്ടായിരുന്നു. 6 വെടിയുണ്ടകളിൽ നാലെണ്ണം സിദ്ദിഖിയുടെ നെഞ്ചിൽ കൊണ്ടു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിദ്ദിഖിയെ രക്ഷിക്കാനായില്ല.
വെടിവയ്പുണ്ടായി മണിക്കൂറുകൾക്കകം ലോറൻസ് ബിഷ്ണോയ് സംഘാംഗം ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ശുഭു ലോങ്കർ എന്ന പേരിലുള്ള അക്കൗണ്ടിലൂടെ ബിഷ്ണോയി സംഘത്തിലെ ശുഭം രാമേശ്വർ ലോങ്കർ എന്നായാളാണു പോസ്റ്റിട്ടത് എന്നാണു നിഗമനം. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ രണ്ടുപേരും ബിഷ്ണോയിയുടെ സംഘത്തിലുള്ളവരാണെന്ന് സമ്മതിച്ചെന്നാണു വിവരം.
ബോളിവുഡുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണു സിദ്ദിഖി. ഇദ്ദേഹം സംഘടിപ്പിക്കുന്ന പാർട്ടികളിൽ ഷാറൂഖ് ഖാനും സൽമാൻ ഖാനും ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ പങ്കെടുക്കാറുണ്ട്. സൽമാനും ഷാറൂഖും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചത് സിദ്ദിഖിയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൽമാന്റെ വീടിനുനേരെ മാസങ്ങൾക്ക് മുൻപ് ബിഷ്ണോയി സംഘം വെടിവച്ചിരുന്നു. സൽമാനെ വധിക്കുമെന്നാണു ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി. സൽമാനുമായുള്ള ബന്ധമാണോ സിദ്ദിഖിയെ ലക്ഷ്യമിടാൻ കാരണമെന്നും പരിശോധിക്കുന്നുണ്ട്.