ADVERTISEMENT

ചങ്ങനാശേരി ∙ നായർ സമുദായത്തെ അവഗണിക്കത്തക്ക സാഹചര്യങ്ങൾ ഇന്നു നിലനിൽക്കുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ചങ്ങനാശേരി താലൂക്ക് എൻഎസ്എസ്‌ യൂണിയന്റെ ആഭിമുഖ്യത്തിൽ 111-ാം വിജയദശമി നായർമഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മത-സാമുദായിക സംഘടനകളോടും രാഷ്ട്രീയ പാർട്ടികളോടും സർക്കാരുകളോടും എൻഎസ്എസ് സൗഹൃദത്തോടെയാണ് നിലകൊള്ളുന്നത്. അവരെല്ലാം നമ്മുടെ പ്രവർത്തനങ്ങളെ മതിപ്പോടെ മാത്രമേ കാണുന്നുള്ളൂ എന്നും വിജയദശമി സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

‘‘തിന്മയ്‌ക്കെതിരെ നന്മ വിജയംവരിച്ച സുദിനമാണു വിജയദശമി. നായർ സമുദായം അവഗണിക്കപ്പെട്ടപ്പോൾ അതിനെതിരെയുള്ള കാഹളം മുഴങ്ങിയതും ആ സുദിനത്തിലാണ്. 1913 ഒക്ടോബർ 6ന് ശ്രീമൂലം തിരുനാൾ ആഘോഷത്തിൽ വച്ചാണ് നായർ സമുദായം അവഗണിക്കപ്പെട്ടത്. അപമാനം സഹിക്കവയ്യാതെ മന്നത്ത് പത്മനാഭൻ ആ യോഗത്തിൽനിന്ന് ഇറങ്ങിപ്പോന്നു. അന്നു രാത്രിയിൽ പെരുന്ന കരയോഗമന്ദിരത്തിൽ യോഗം ചേരുകയും തൊട്ടടുത്ത വിജയദശമി ദിനത്തിൽ പ്രത്യേകമായി തിരുനാളാഘോഷം നടത്താൻ തീരുമാനിക്കുകയും ചെയ്‌തു. ആ കൊല്ലത്തെ വിജയദശമി ദിനത്തിൽ, ശ്രീമൂലം തിരുനാൾ ആഘോഷം കരയോഗ മന്ദിരത്തിൽ നടത്തി.

ആ യോഗത്തിൽവച്ചാണ് ചങ്ങനാശേരി താലൂക്ക് നായർ സമാജം എന്ന സംഘടന രൂപം കൊണ്ടത്. അതിന്റെ വാർഷികമായിട്ടാണ് ചങ്ങനാശേരി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിജയദശമി നായർമഹാസമ്മേളനം എല്ലാവർഷവും നടത്തുന്നത്. 1914 ഒക്ടോബർ 31ന് മന്നത്ത് പത്മനാഭനും സഹപ്രവർത്തകരായ 13 പേരും ചേർന്ന് മന്നത്തിന്റെ മാതാവ് കൊളുത്തിവച്ച ഭദ്രദീപത്തിനു മുൻപിൽ പ്രതിജ്ഞയെടുത്തു നായർ സമുദായ ഭൃത്യജനസംഘത്തിന് രൂപം നൽകി. ആ നായർ സമുദായ ഭൃത്യജനസംഘമാണ് 1915ൽ നായർ സർവീസ് സൊസൈറ്റിയായി രൂപാന്തരം പ്രാപിച്ചത്. മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിച്ച്, സമുദായ പുരോഗതിയിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി പ്രവർത്തിക്കുക, സാമൂഹ്യനീതിക്കു വേണ്ടി നിലകൊള്ളുക എന്നീ അടിസ്ഥാനമൂല്യങ്ങളിൽനിന്നു വ്യതിചലിക്കാതെ ഈ രംഗത്തുള്ള എൻഎസ്എസിന്റെ പ്രവർത്തനം 110 വർഷം പിന്നിടുകയാണ്.

എൻഎസ്എസിൽ പല അധികാരസ്ഥാനങ്ങളും നേടിയെടുത്തശേഷം പുറത്തു പോകേണ്ടിവന്നവരും സാമ്പത്തികക്രമക്കേടു മൂലം സംഘടനയിൽനിന്ന് പുറത്തു പോകേണ്ടിവന്നിട്ടുള്ളവരും അധികാരമോഹികളും സംഘടനയുടെ പ്രവർത്തനങ്ങളെപ്പറ്റി അറിവില്ലാത്തവരും ആയ ചിലരുടെ എതിർപ്പുകളെ നിസ്സാരമായി മാത്രമേ കാണുന്നുള്ളൂ. സംഘടനയുടെ ആരംഭത്തിൽ സമുദായാചാര്യൻ ഉൾപ്പെടെ എടുത്തിട്ടുള്ള മഹനീയമായ പ്രതിജ്ഞയിൽ അടിയുറച്ചുള്ള പ്രവർത്തനമാണ് ഇന്നുമുള്ളത്. അത് തുടരും. മന്നത്ത് പത്മനാഭന്റെ ദർശനങ്ങളും ആദർശങ്ങളും ഉൾക്കൊണ്ട്, അടിസ്ഥാനമൂല്യങ്ങൾ കൈവിടാതെ, സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുവാൻ സമുദായം ശ്രമിക്കണം’’– സുകുമാരൻ നായർ പറഞ്ഞു.

English Summary:

NSS President G Sukumaran Nair Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com