ADVERTISEMENT

കോലഞ്ചേരി∙ കോലഞ്ചേരിയിൽനിന്നു കാണാതായ പതിനഞ്ചുകാരിയെ വിജയവാഡയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി ചന്ദൻ കുമാറി(21)നെ പുത്തൻകുരിശ് പൊലീസ് പിടികൂടി. ഈ മാസം നാലിനാണ് അസം സ്വദേശിനിയായ പെൺകുട്ടിയെ കാണാതായത്. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ വിജയവാഡയിൽനിന്നാണ് യുവാവിനൊപ്പം കണ്ടെത്തിയത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പ്രലോഭിപ്പിച്ചു യുവാവ് വിജയവാഡയിലെത്തിക്കുകയായിരുന്നു. പുലർച്ചെ എറണാകുളത്തേക്കു ബസിൽ പോവുകയും അവിടെനിന്നു പെൺകുട്ടി തനിച്ച് ട്രെയിനിൽ യാത്ര ചെയ്ത് വിജയവാഡയിൽ എത്തിച്ചേരുകയുമായിരുന്നു. യാത്രയിൽ പെൺകുട്ടി സഹയാത്രക്കാരുടെ മൊബൈലിലാണു യുവാവുമായി ബന്ധപ്പെട്ടിരുന്നത്. യുവാവിന്റെ നിർദ്ദേശപ്രകാരം ഫോൺ വീട്ടിൽവച്ചാണ് പെൺകുട്ടി പോയത്. പൊലീസ് കണ്ടു പിടിക്കാതിരിക്കാനായിരുന്നു ഇത്.

അവിടെയെത്തിയപ്പോൾ യുവാവിന്റെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണു പെൺകുട്ടിയെ ഒളിവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയത്. സബ് ഇൻസ്പെക്ടർ ജി. ശശീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അപകടം നിറഞ്ഞ പ്രദേശത്തു സാഹസികമായി നടത്തിയ ഓപ്പറേഷനിലാണ് പെൺകുട്ടിയെ മോചിപ്പിച്ചു പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചത്. റോഡ് മാർഗമാണ് പൊലീസ് വിജയവാഡയിലെത്തിയത്. വാടക വീട്ടിൽ വച്ചു യുവാവ് പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചിരുന്നു.

പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി. ഷാജൻ, ഇൻസ്പെക്ടർ കെ.പി. ജയപ്രകാശ്, സബ് ഇൻസ്പെക്ടർമാരായ ജി. ശശീധരൻ, പീറ്റർ പോൾ എഎസ്ഐമാരായ ബിജു ജോൺ, സുരേഷ് കുമാർ സീനിയർ സിപിഒമാരായ പി.ആർ. അഖിൽ, കെ.ആർ. രാമചന്ദ്രൻ, എ.എ. അജ്മൽ, ബിജി ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

English Summary:

One Arrested in Pocso Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com