ADVERTISEMENT

ടെക്സസ് ∙ ബഹിരാകാശ വിക്ഷേപണത്തിൽ പുത്തൻ അധ്യായം എഴുതിച്ചേർത്ത് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്‌എക്സ്. ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ് റോക്കറ്റിന്‍റെ ബൂസ്റ്റര്‍ഭാഗം വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളിൽ അതേ ലോഞ്ച്പാഡില്‍  വിജയകരമായി തിരിച്ചിറക്കി. ബഹിരാകാശ വിക്ഷേപണ ചരിത്രത്തില്‍ നിർണായകമാണ് ഈ പരീക്ഷണ വിജയം.

തന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിൽ ഇതിന്റെ വിഡിയോ ഇലോൺ മസ്‌ക് പങ്കുവച്ചു. ടെക്‌സസിലെ ബ്രൗണ്‍സ്‌വില്ലിൽ വിക്ഷേപണം നടന്ന് 7 മിനിറ്റിനുശേഷമാണു സ്റ്റാർഷിപ് റോക്കറ്റിന്റെ ബൂസ്റ്റർ വിക്ഷേപണത്തറയിലേക്കു തിരിച്ചെത്തിയത്. 232 അടി (71 മീറ്റർ) നീളമുള്ള ബൂസ്റ്റർ ഇറങ്ങിവരുമ്പോൾ പിടിക്കാൻ ചോപ്സ്റ്റിക്കുകൾ എന്ന് വിളിക്കപ്പെടുന്ന ഭീമൻ ലോഹക്കൈകൾ ലോഞ്ച്പാഡിൽ ഉണ്ടായിരുന്നു. പരീക്ഷണം വിജയകരമായതോടെ എൻജിനീയർമാർ ആവേശത്തോടെ കയ്യടിക്കുന്നതും വിഡിയോയിലുണ്ട്.

സ്റ്റാർഷിപ് റോക്കറ്റിന്റെ അഞ്ചാമത്തെ പരീക്ഷണത്തിലാണു സ്പേസ്‌എക്സ് നേട്ടം കൈവരിച്ചത്. റോക്കറ്റിന്‍റെ ഒന്നാം ഭാഗത്തെ വിജയകരമായി തിരികെ ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു അഞ്ചാം പരീക്ഷണ വിക്ഷേപണത്തിലെ ലക്ഷ്യം. ബഹിരാകാശത്തുവച്ച് രണ്ടാം ഘട്ടവുമായി വേര്‍പെട്ട ശേഷം, ഒന്നാം ഭാഗത്തെ ലോഞ്ച്പാഡില്‍ വിജയകരമായി ലാന്‍ഡ് ചെയ്യിക്കുക എന്ന വെല്ലുവിളിയാണ് സ്പേസ്എക്‌സ് മറികടന്നത്. പൂർണമായും പുനരുപയോഗിക്കാവുന്ന റോക്കറ്റ് വികസിപ്പിക്കുന്നതിനുള്ള കമ്പനിയുടെ നീക്കത്തിലും ഇതു നിർണായകമാകും.

121 മീറ്റർ ഉയരമുള്ള സ്റ്റാർഷിപ്പിന് 100 മുതൽ 150 ടൺ വരെ ഭാരമുള്ള വസ്‌തുക്കള്‍ ബഹിരാകാശത്തേക്ക് അയയ്ക്കാനാകും. ബഹിരാകാശ വിനോദസഞ്ചാരത്തിനും ബഹിരാകാശത്തുനിന്ന് മടങ്ങുമ്പോൾ ഭൂമിയിൽ സുരക്ഷിതമായി ഇറങ്ങുന്നതിനും ഈ പരീക്ഷണവിജയം ഗുണകരമാകും. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ച് മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കൊണ്ടുപോകാൻ മസ്‌കിനു പദ്ധതിയുണ്ട്.

English Summary:

Spacex starship booster successful landing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com