ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിക്കു സമീപം തോക്കുകളുമായി ഒരാൾ പിടിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Mail This Article
കലിഫോര്‍ണിയ ∙ യുഎസ് മുൻ പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിക്കു സമീപം തോക്കുകളുമായി ഒരാളെ പിടികൂടി. ലാസ് വേഗസ് സ്വദേശിയായ 49 കാരനായ വെം മില്ലറെയാണ് തോക്കുകളുമായി പിടികൂടിയത്.
കറുത്ത എസ്‌യുവിൽ എത്തിയ ഇയാളെ റാലി നടക്കുന്ന വേദിക്കു സമീപം ചെക്ക്പോയിന്റിൽ തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്ന് രണ്ടു തോക്കുകൾ കണ്ടെടുത്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സംഭവം ഡോണൾഡ് ട്രംപിന്റെ സുരക്ഷയെ ബാധിച്ചില്ലെന്ന് സുരക്ഷേ ഉദ്യോഗസ്ഥർ അറിയിച്ചു.
ജൂലൈ 13ന് പെൻസിൽവാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവയ്പ്പുണ്ടായിരുന്നു. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു വെടിയുതിർത്തത്. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയിൽ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്നു മാറ്റി. വെടിയുതിർത്ത ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സിനെ സുരക്ഷാ ഉദ്യോഗസ്ഥർ നിമിഷങ്ങൾക്കുള്ളിൽ വധിച്ചു. സെപ്റ്റംബറിൽ ഡോണൾഡ് ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ വെടിയുതിർത്ത പ്രതി ഹവായ് സ്വദേശിയായ റയൻ വെസ്ലി റൗത്ത് (58)യെ പിടികൂടിയിരുന്നു.