ADVERTISEMENT

പാലക്കാട്∙ രാഹുൽ മാങ്കൂട്ടത്തിൽ ഒരു വ്യക്തിയുടെയും സ്ഥാനാർഥിയല്ലെന്ന് വടകര എംപി ഷാഫി പറമ്പിൽ. പാർട്ടി ആഗ്രഹിച്ച, ജനങ്ങൾ ആഗ്രഹിച്ച സ്ഥാനാർഥിയാണ് അദ്ദേഹമെന്നും സിരകളിൽ കോൺഗ്രസ് രക്തമോടുന്ന മുഴുവൻ പേരും രാഹുലിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാഫി പറഞ്ഞു. ഒരുകാലത്തും താൻ പാർട്ടിയേക്കാൾ വലിയവനല്ലെന്നും പാർട്ടിക്ക് ദോഷം വരുന്ന ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

‘‘രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി തിരഞ്ഞെടുത്ത നേതൃത്വത്തിന് നന്ദി. പാലക്കാട്ടെ പാർട്ടിക്കാരും ജനതയും ആഗ്രഹിച്ച തീരുമാനമാണിത്. അതുകൊണ്ട് പാർട്ടി ഒറ്റക്കെട്ടായി അതിനു പിന്നിലുണ്ടാകും. യുഡിഎഫ് നേതൃത്വത്തിന്റെ പിന്തുണയോടെ പ്രഖ്യാപിച്ച സ്ഥാനാർഥിയാണ്. പാലക്കാടിന്റെ രാഷ്ട്രീയ ബോധം, രാഹുലിന് കേരളം മുഴുവൻ ആഗ്രഹിക്കുന്ന ഉജ്ജ്വല വിജയം നേടിത്തരുമെന്നാണ് പ്രതീക്ഷ. നാളെ വൈകീട്ട് 4 മണിക്ക് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടെത്തും. 

സിരകളിൽ കോൺഗ്രസ് രക്തമോടുന്ന മുഴുവൻ പേരും യുഡിഎഫിന്റെ വിജയത്തിനായി ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹം. എല്ലാവരെയും ചേർത്തു പിടിച്ച് ഈ തിരഞ്ഞെടുപ്പിൽ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. രാഹുൽ ഒരു വ്യക്തിയുടെയും സ്ഥാനാർഥിയല്ല, പാർട്ടിയുടെ സ്ഥാനാർഥിയാണ്. പാർട്ടിക്കാർ ആഗ്രഹിച്ച, ജനങ്ങൾ ആഗ്രഹിച്ച സ്ഥാനാർഥിയാണ്. നല്ലൊരു വിജയം പാലക്കാട് നേടാനും, കേരള നിയമസഭയ്ക്ക് അകത്തും പുറത്തും നാടിന്റെ ശബ്ദമാകാവുന്ന നല്ല സ്ഥാനാർഥിയാണ്. 

ഒരുകാലത്തും ഞാൻ പാർട്ടിയേക്കാൾ വലിയവനല്ല. ഒരുകാലത്തും പാർട്ടിയേക്കാൾ വലുതാവാൻ ശ്രമിച്ചിട്ടില്ല. പാർട്ടിക്ക് ദോഷം വരുന്ന ഒന്നും ചെയ്തിട്ടുമില്ല. പാർട്ടി തരുന്ന അവസരം കൊണ്ട് ജനങ്ങൾക്ക് ഗുണകരമായ കാര്യം ചെയ്യലാണ് എന്റെ ഉത്തരവാദിത്തം. ഇപ്പോഴത്തെ പ്രശ്നങ്ങളൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഏറ്റവും അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണിപ്പോൾ. എല്ലാവരും ഒറ്റക്കെട്ടായി ശ്രമിച്ചാൽ ഒരു യുഡിഎഫ് സ്ഥാനാർഥിക്ക് പാലക്കാട് കിട്ടിയതിൽ വച്ച് ഏറ്റവും മികച്ച ഭൂരിപക്ഷം രാഹുലിന് കിട്ടാനുള്ള സാധ്യതയുണ്ട്.’’– ഷാഫി പറമ്പിൽ പറഞ്ഞു.

English Summary:

Rahul Mamkootathil is Palakkad's People's Candidate: Shafi Parambil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com