ADVERTISEMENT

പാലക്കാട്∙ നിയമസഭാ ഉപതിര‍ഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ കോൺഗ്രസ് പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന പി.സരിനെ ഒപ്പം കൂട്ടാൻ ആലോചനകളുമായി സിപിഎം. സരിനെ പാർട്ടിക്കൊപ്പം കൂട്ടുന്നത് ഗുണകരമാകുമെന്നാണ് സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. സരിനെ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ജില്ലാ സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. ഇക്കാര്യത്തിൽ ജില്ലാ ഘടകത്തിന്റെ അഭിപ്രായം പാർട്ടി നേതൃത്വത്തെ അറിയിക്കും.

സിപിഎമ്മിന് സരിൻ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചാൽ പാർട്ടിക്കൊപ്പം കൂട്ടാമെന്ന നിലപാടിലാണ് ജില്ലയിലെ ഒരു വിഭാഗം. മത്സരിപ്പിക്കുന്നതിൽ വ്യത്യസ്ത അഭിപ്രായമുണ്ട്. സിപിഎം പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചവർ പാർട്ടിക്ക് ഉണ്ടാക്കിയ തലവേദന നേതാക്കളിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. സരിന് മണ്ഡലത്തിൽ ജനപിന്തുണയില്ലെന്നും അവർ പറയുന്നു. 

സിപിഎം അവസാനമായി പാലക്കാട് മണ്ഡലത്തിൽ ജയിച്ചത് 2006ലാണ്. സിപിഎമ്മിലെ കെ.കെ.ദിവാകരൻ 1344 വോട്ടുകൾക്കാണ് കോൺഗ്രസിലെ എ.വി.ഗോപിനാഥനെ പരാജയപ്പെടുത്തിയത്. 2011ൽ ഷാഫി പറമ്പിൽ സിപിഎം സ്ഥാനാർഥി കെ.കെ.ദിവാകരനെ പരാജയപ്പെടുത്തി. 2016ൽ വലിയ ഭൂരിപക്ഷത്തോടെ ഷാഫി വിജയം ആവർത്തിച്ചു. 2021ലെ തിരഞ്ഞെടുപ്പിലും ഷാഫി വിജയിച്ചു. ബിജെപി സ്ഥാനാർഥിയായ ഇ.ശ്രീധരനോട് കടുത്ത മത്സരത്തിനൊടുവിലായിരുന്നു ജയം. തുടർച്ചയായ രണ്ടാം തവണ സിപിഎം മൂന്നാം സ്ഥാനത്തായി. ഷാഫി വടകര ലോക്സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

രാഹുൽ മാങ്കൂട്ടത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി. പത്തനംതിട്ടക്കാരനായ രാഹുലിന് പാലക്കാട് സീറ്റ് നൽകിയതിനെതിരെയാണ് പി.സരിൻ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ സ്ഥാനാർഥിയെയും പ്രഖ്യാപിക്കുകയെന്ന കുറച്ചുകാലമായി തുടരുന്ന രീതി ആവർത്തിച്ച് ശുഭപ്രതീക്ഷയിലായിരുന്ന കോൺഗ്രസിനെ സരിന്റെ വിമർശനങ്ങൾ ഞെട്ടിച്ചു. സരിനെ ഒപ്പം നിർത്തിയാൽ കോൺഗ്രസിലെ വോട്ടുകൾ‌ അടർത്തിമാറ്റാം എന്ന പ്രതീക്ഷയിലാണ് സിപിഎം. രാഹുൽ പാലക്കാട് മത്സരിക്കുന്നതിനോട് എതിർപ്പുള്ളവർ മണ്ഡലത്തിലുണ്ടെന്നും കണക്കുകൂട്ടുന്നു. സംസ്ഥാന സമിതി ജില്ലാനേതൃത്വവുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും. പാർട്ടി വിടില്ലെന്ന സൂചനകളാണ് വാർത്താ സമ്മേളനത്തില്‍ സരിൻ നൽകിയത്.

English Summary:

Will P. Sarin Switch Allegiance?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com