ഹമാസ് മേധാവി യഹ്യ സിൻവർ കൊല്ലപ്പെട്ടു; ഹമാസ് ഉന്നത നേതൃനിരയെ തുടച്ചുനീക്കി ഇസ്രയേൽ
Mail This Article
ജറുസലം ∙ വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഹമാസ് ഉന്നതനേതാവ് യഹ്യ സിൻവർ (62) കൊല്ലപ്പെട്ടു. മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനയിലൂടെയാണു കൊല്ലപ്പെട്ടത് യഹൃ സിൻവർ ആണെന്നു സ്ഥിരീകരിച്ചതെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി അറിയിച്ചു.
കൊല്ലപ്പെട്ടിരിക്കാമെന്നു സൂചനയാണു ഹമാസ് കേന്ദ്രങ്ങളും നൽകിയത്. ഇതോടെ ഹമാസിന്റെ ഉന്നത നേതൃനിരയെ അപ്പാടെ ഇസ്രയേൽ കൊലപ്പെടുത്തി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ സിൻവറിന്റെ മൃതദേഹത്തിന്റെ ഫോട്ടോയും വിഡിയോയും ഇസ്രയേൽ മാധ്യമങ്ങൾ പുറത്തുവിട്ടു. അതേസമയം, ജബാലിയയിൽ യുഎൻ അഭയകേന്ദ്രമായ സ്കൂളിനുനേരെയുണ്ടായ ബോംബാക്രമണത്തിൽ 5 കുട്ടികളടക്കം 28 പലസ്തീൻകാർ കൊല്ലപ്പെട്ടു. 160 പേർക്കു പരുക്കേറ്റു.
2023 ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സിൻവറായിരുന്നു. ജൂലൈയിൽ ടെഹ്റാനിൽ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടശേഷം സംഘടനയുടെ മേധാവിയായി. ഹനിയ ഖത്തറിലെ ദോഹ കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നതെങ്കിൽ ഗാസയിൽനിന്നു ഹമാസിനെ നയിച്ചിരുന്നത് യഹ്യ സിൻവറായിരുന്നു. ഒക്ടോബർ 7നു ശേഷം ബന്ദികൾക്കൊപ്പം ഒരു ഭൂഗർഭകേന്ദ്രത്തിൽനിന്നു മറ്റൊന്നിലേക്കു മാറിക്കൊണ്ടിരിക്കുകയാണു സിൻവറെന്നും റിപ്പോർട്ടുണ്ടായിരുന്നു. കൊല്ലപ്പെടുമ്പോൾ ബന്ദികളാരും ഒപ്പമുണ്ടായിരുന്നില്ലെന്നാണു സൂചന.
ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ല കഴിഞ്ഞ മാസമാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 42,438 പലസ്തീൻകാർ കൊല്ലപ്പെട്ടു. 99,246 പേർക്കു പരുക്കേറ്റു. കഴിഞ്ഞ മാസാവസാനമാണ് വടക്കൻ ഗാസയിലേക്കു ഇസ്രയേൽ സൈന്യം തിരിച്ചെത്തിയത്.