അനിലിന് പിന്നാലെ സരിനും പാർട്ടിക്കു പുറത്തേക്ക്; നാഥനില്ലാതെ ഡിജിറ്റൽ മീഡിയ സെൽ, പ്രവർത്തകർക്ക് അമർഷം
Mail This Article
കോട്ടയം∙ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല പാർട്ടി തലത്തിൽ പ്രവർത്തിച്ചു വരുന്നവരെ ഏൽപ്പിക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമാകുന്നു. ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർമാരായിരുന്ന അനിൽ ആന്റണിയും പിന്നാലെ ഡോ. പി.സരിനും പാർട്ടി വിട്ടതിനു പിന്നാലെയാണു നേതാക്കളും പ്രവർത്തകരും ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തുന്നത്. രണ്ടുപേരുടെയും പ്രവർത്തന രീതികൾക്കെതിരെ പല തലത്തിൽനിന്നും പരാതികൾ ലഭിച്ചിരുന്നെങ്കിലും സരിൻ കൂടി പാർട്ടി വിടുന്നതോടെ വിഷയം ഗൗരവത്തോടെ എടുക്കാനാണു പാർട്ടി തീരുമാനം. പ്രഫഷനുകൾ എന്ന നിലയിലാണ് സരിനും അനിലിനും പദവി നൽകിയതെന്നും ഇത്തരത്തിൽ ബാധിക്കുമെന്നു കരുതിയില്ലെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.
കോൺഗ്രസിനു സമൂഹമാധ്യമങ്ങളിൽ ഔദ്യോഗിക ഗ്രൂപ്പുകൾക്കു പുറമെ അനൗദ്യോഗികമായി പ്രവർത്തിക്കുന്ന നിരവധി ഗ്രൂപ്പുകളുണ്ട്. പ്രവാസികൾ അടക്കം നൂറുകണക്കിന് വാട്സാപ്, ഫെയ്സ്ബുക്, ഇൻസ്റ്റാ ഗ്രൂപ്പുകള്‍ കോൺഗ്രസിനുണ്ട്. ഇവരെ കൂട്ടി യോജിപ്പിച്ചു പ്രവർത്തിപ്പിക്കുകയായിരുന്നു അനിലിനും സരിനും കോൺഗ്രസ് ആദ്യം നൽകിയ ദൗത്യം. എന്നാൽ തുടക്കത്തൽ തന്നെ ഇരുവർക്കും പിഴച്ചു. പാർട്ടിയുമായി വലിയ ബന്ധമില്ലാതിരുന്ന ഇരുവരെയും അംഗീകരിക്കാൻ സൈബർ പോരാളികൾ ഭൂരിപക്ഷവും തയാറായില്ല. അനിലിന്റെ കാലത്ത് ഡിജിറ്റൽ മീഡിയ സെൽ അമ്പേ പരാജയപ്പെട്ടപ്പോൾ സരിന്റെ കാലത്താണ് വാട്സാപ് ഗ്രൂപ്പുകളും ട്വിറ്റർ അക്കൗണ്ടും സജീവമാകുന്നത്. എന്നാൽ സാധാരണക്കാർക്കിടയിലേക്ക് ഡിജിറ്റൽ മീഡിയ എത്തിയില്ലെന്ന ആക്ഷേപം ശക്തമാണ്.
സരിൻ ഡിജിറ്റൽ മീഡിയ സംവിധാനം ഉപയോഗിച്ചു സ്വയം വളരാൻ ശ്രമിച്ചു എന്ന പരാതിയും ശക്തമായിരുന്നു. പാർട്ടി ഫണ്ട് കൈകാര്യം ചെയ്തതിലെ വീഴ്ചയടക്കം ചൂണ്ടിക്കാട്ടി ഡിജിറ്റൽ മീഡിയ സെല്ലിലെ അംഗങ്ങൾ തന്നെ സരിനെതിരെ ഗുരുതര പരാതികൾ നേതൃത്വത്തിനു നൽകിയിരുന്നു. സരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിനു സൈബർ ആക്രമണം നേരിട്ടിരുന്നുവെന്ന് വീണാ എസ്. നായരും താരാ ടോജാ അലക്സും പാർട്ടിയുടെ പല വേദികളിലും പറഞ്ഞിരുന്നു. ഡിജിറ്റൽ മീഡിയ സെൽ അംഗമായിരുന്ന രജിത് രവീന്ദ്രൻ സരിനോടുള്ള അഭിപ്രായഭിന്നത കാരമാണ് സെല്ലിൽനിന്നു രാജിവച്ചത്. സരിൻ പാർട്ടിയുമായി ഇടഞ്ഞതു മുതൽ സമൂഹമാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകർ ഇക്കാര്യങ്ങൾ ഓർമിപ്പിക്കുന്നുണ്ട്.
ഡിജിറ്റൽ മീഡിയയും കൺവീനർമാരും
2019ൽ പാർലമെന്റ് തിരഞ്ഞടുപ്പിനു മുന്നോടിയായാണ് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ എന്ന പോഷക സംഘടനയ്ക്കു രൂപം നൽകുന്നത്. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പാർട്ടി അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു സെല്ലിനു രൂപം നൽകി കൺവീനറായി അനിൽ ആന്റണിയെ പ്രഖ്യാപിച്ചത്. ശശി തരൂരായിരുന്നു സെല്ലിന്റെ ചെയർമാൻ. മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ തുടക്കത്തിൽ തന്നെ അനിലിനെതിരെ കല്ലുകടി ഉണ്ടായിരുന്നു. 2023ൽ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ കോൺഗ്രസിൽനിന്നു രാജിവച്ച അനിൽ ആന്റണിക്കു പകരക്കാരനായി സരിൻ എത്തി. പിന്നാലെ ശശി തരൂർ ചെയർമാൻ പദവി ഒഴിഞ്ഞു. ആ സ്ഥാനത്തേക്ക് മാത്യു കുഴൽനാടനെത്തി. ഒരാൾക്ക് ഒരു പദവിയുടെ പേരിൽ മാത്യു കുഴൽനാടൻ പദവി ഒഴിഞ്ഞപ്പോൾ വി.ടി. ബൽറാം പകരക്കാരനായി.
എന്നാൽ കൺവീനര്‍മാരായ അനിൽ ആന്റണി ബിജെപിയിലേക്കു പോയതിനു പിന്നാലെ സരിൻ സിപിഎമ്മിനു കൈ കൊടുക്കുമ്പോൾ സൈബർ മേഖലയിൽ കോൺഗ്രസിനെ ഉടച്ചുവാർക്കാൻ പുതിയൊരാളെ കണ്ടെത്തേണ്ടത് കോൺഗ്രസിനു മുന്നിൽ വലിയ ദൗത്യമായി മാറുകയാണ്. സിപിഎമ്മും ബിജെപിയും സമൂഹമാധ്യമങ്ങളിൽ ശക്തമായി മുന്നേറുമ്പോഴാണ് മേഖലയിൽ കോൺഗ്രസ് വലിയ പ്രതിസന്ധി നേരിടുന്നത്.
2019ലാണ് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ രൂപീകരിച്ചത്. അതിനു മുൻപ് ഐടി സെൽ എന്നായിരുന്നു പേര്. 2005 മുതൽ ഐടി സെൽ പ്രവർത്തനം തുടങ്ങിയിരുന്നു. 2013 മുതൽ രഞ്ജിത് ബാലനായിരുന്നു ചെയർമാൻ. പിന്നീടാണ് അനിൽ ആന്റണി എത്തുന്നതും പേരുമാറി ഡിജിറ്റൽ മീഡിയ സെൽ ആയി മാറുന്നത്.