ADVERTISEMENT

കൊച്ചി ∙ ഗതാഗത പരിഷ്കാരങ്ങളും റോഡ് അറ്റകുറ്റപ്പണികളും ഏറ്റവുമധികം ബാധിക്കുന്നത് പൊതുഗതാഗതങ്ങളെ ആശ്രയിക്കുന്നവരെയും ഇരുചക്ര വാഹന യാത്രക്കാരെയും ആണെന്ന് വീണ്ടും തെളിയിക്കുകയാണ് കൊച്ചി. നേരത്തെ എറണാകുളം സൗത്തിലേക്കുള്ള യാത്ര വേണാട് എക്സ്പ്രസ് അവസാനിപ്പിച്ചത് ഏറ്റവുമധികം ബാധിച്ചത് സ്ഥിരം ട്രെയിൻ യാത്രികരെയായിരുന്നു.

എറണാകുളം സൗത്ത് മേഖലയിൽ വന്നിറങ്ങി ജോലിക്കു പോയിരുന്നവർ അതോടെ തൃപ്പൂണിത്തുറയിലിറങ്ങി അവിടെനിന്ന് മെട്രോ ട്രെയിൻ കയറിയായി യാത്ര. അവർ ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ അധികച്ചെലവ് മാസം 2000 രൂപയിലധികം. കൊച്ചി നഗരത്തിന്റെ ജീവനാഡിയായ രണ്ടു പാലങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഒരുമിച്ച് അടച്ചതോടെ നഗരം ഗതാഗതക്കുരുക്കിൽ മുങ്ങി. ചെറുകിട തൊഴിലുകൾ ചെയ്യുന്നവരെ കൂടുതലായി  ബാധിക്കുകയും ചെയ്തു. 

കൊച്ചി നഗരത്തിലെ നിർമാണ ജോലികള്‍ ചെയ്യുന്ന മലയാളികളിൽ 60–70 ശതമാനം പേരും വരുന്നത് പശ്ചിമ കൊച്ചി മേഖലയിൽ നിന്നാണെന്നാണ് കണക്ക്. ഈ പശ്ചിമ കൊച്ചിയെയും കൊച്ചി നഗരത്തെയും ബന്ധിപ്പിക്കുന്ന രണ്ടു പാലങ്ങളാണ്, കുണ്ടന്നൂർ–തേവര പാലവും തേവരയെയും വെല്ലിങ്ടൻ ഐലന്‍ഡിനെയും ബന്ധിപ്പിക്കുന്ന അലക്സാണ്ടർ പറമ്പിത്തറ പാലവും. കുഴികൾ മാത്രം നിറഞ്ഞ ഈ പാലങ്ങള്‍ അറ്റകുറ്റപ്പണികൾക്കായി ഒക്ടോബർ 15 മുതൽ അടച്ചത് ഇനി നവംബര്‍ 15ന് മാത്രമേ തുറക്കൂ.

കുഴികൾ രൂപപ്പെട്ടതിനാൽ ജൂലൈയില്‍ 4 ദിവസത്തേക്ക് പാലം അടച്ചിരുന്നെങ്കിലും കാര്യമായ അറ്റകുറ്റപ്പണി അന്ന് ചെയ്തില്ല എന്ന് വിമർശനമുയർന്നിരുന്നു. തുടർന്ന് ടാർ മുഴുവൻ പൊളിച്ച് നവീകരിക്കാൻ സെപ്റ്റംബറിലും ഏതാനും ദിവസത്തേക്ക് അടച്ചെങ്കിലും വീണ്ടും കുഴികൾ രൂപപ്പെട്ടതോടെ ഒരുമാസത്തേക്ക് അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു. 

മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, ചെല്ലാനം, കുമ്പളങ്ങി, പള്ളുരുത്തി, ഇടക്കൊച്ചി തുടങ്ങിയ മേഖലകളിൽ താമസിക്കുന്നവർ നഗരത്തിലെത്തുന്നതു തോപ്പുംപടി വഴി ബിഒടി പാലം കടന്നാണ്. ഇതിൽ ഇടക്കൊച്ചി, പള്ളുരുത്തി മേഖലയിലുള്ളവർ കണ്ണങ്ങാട്ട് പാലം വഴിയും മട്ടാഞ്ചേരി മുതൽ കുമ്പളങ്ങി വരെയുള്ളവർ ബിഒടി പാലം വഴിയും അലക്സാണ്ടർ പറമ്പിത്തറ പാലത്തിലേക്കു കയറുന്നു. ഇവിടെനിന്ന് തേവരയിലെത്തുന്നവർ ഇടത്തോട്ട് തിരിഞ്ഞാൽ കൊച്ചി നഗരത്തിലേക്കും വലത്തേക്കു പോയാൽ കുണ്ടന്നൂർ പാലം വഴി വൈറ്റില, തൃപ്പൂണിത്തുറ മേഖലകളിലേക്കും പോവാം.

ഇത്തരത്തിൽ നഗരത്തെ ബന്ധിപ്പിക്കുന്ന 2 പാലങ്ങൾ അടച്ചതോടെ കഷ്ടത്തിലായതു സാധാരണ ജോലികൾ ചെയ്യുന്നവരാണ്. പലരും ജോലിക്കെത്തുന്നത് മണിക്കൂറുകൾ വൈകിയാണ്. പൊതുഗതാഗതവും മറ്റും ആശ്രയിക്കുന്നവർക്ക് ഉച്ചവരെയുള്ള ഹാജർ നഷ്ടപ്പെടുന്ന സ്ഥിതിയായി. സ്കൂൾ ബസുകൾ പോലും വൈകിയാണ് ഓടുന്നത്.

ബിഒടി പാലം കടന്ന് വരുന്നവർ ഇപ്പോൾ വാത്തുരുത്തി റെയിൽവേ ക്രോസിലൂടെ വെണ്ടുരുത്തി പാലം കടന്ന് എംജി റോഡിന്റെ രവിപുരം ഭാഗത്ത് എത്തുന്ന രീതിയാണ് ആശ്രയിക്കുന്ന ബദൽ‍ ഗതാഗത മാർഗങ്ങളിലൊന്ന്. എന്നാൽ വാഹനങ്ങൾ നീങ്ങാൻ കഴിയാത്തവിധം തിരക്കാണ് ഈ റോഡിൽ. വൈറ്റില ജങ്ഷനിലെത്തുന്നവർ സഹോദരൻ അയ്യപ്പൻ റോഡ് വഴി എംജി റോഡിലേക്ക് എത്തുന്നത് നേരത്തേതന്നെ തിരക്കുപിടിച്ച വഴിയാണ്. ഇപ്പോൾ ഏറെ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ജലഗതാഗത മാർഗത്തെ ആശ്രയിക്കുകയാണു മറ്റൊരു മാർഗം.

ഫോർട്ട് കൊച്ചിയില്‍നിന്ന് റോറോ ജങ്കാർ എടുത്ത് വൈപ്പിൻ ഫെറിയിലെത്തി അവിടെനിന്ന് ഗോശ്രീ പാലം കടന്നും നഗരത്തിലേക്ക് എത്താന്‍ യാത്രക്കാർ ശ്രമിക്കുന്നുണ്ട്. വിവിധ മേഖലകളെ ബന്ധിപ്പിച്ച് ജലഗതാഗത വകുപ്പിന്റെയും വാട്ടർ മെട്രോയുടെയും ബോട്ട് സർവീസുകളെ ആശ്രയിക്കാമെങ്കിലും കണക്ടിവിറ്റി പ്രശ്നമാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യങ്ങളിലൊന്ന്.

English Summary:

Kochi Gridlock: Bridge Closures Cripple Commute, Hitting Daily Wagers Hardest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com