ADVERTISEMENT

കോട്ടയം∙ സ്ഥാനാർഥി നിർണയത്തിൽ യുഡിഎഫിൽ തർക്കമുണ്ടായിട്ടില്ലെന്ന് പാലക്കാട്ട് മത്സരത്തിനിറങ്ങുന്ന യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിൽ. സരിൻ സുഹൃത്താണ്, ആ സൗഹൃദത്തിനു മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല വിദ്യാഭ്യാസമുള്ള ഒരാൾ അതിനോട് കോംപ്രമൈസ് ചെയ്ത് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ത്യാഗമാണെന്നും വിവിധ പാർട്ടികളിലെ നേതാക്കളെ പിണറായി വിജയൻ ഒരുമിച്ചു ജയിലിൽ അടച്ചതുകൊണ്ട് കൂടിയാലോചനകളെല്ലാം കൃത്യമായി നടന്നുവെന്നും രാഹുൽ മനോരമ ഓൺലൈനോട് പറഞ്ഞു. 

∙ പ്രതീക്ഷിച്ചതിനെക്കാൾ കടുത്ത മത്സരമാണോ പാലക്കാട്ടേത്?

മതേതര ചേരിയും വർഗീയ ചേരിയും തമ്മിലുള്ള മത്സരമാണ് പാലക്കാട്. മതേതര ചേരിക്ക് കേരളത്തിൽ എപ്പോഴും ഒരു മുൻതൂക്കം ലഭിക്കും. പ്രത്യേകിച്ച് പാലക്കാടുണ്ട്. പാലക്കാടിന് ഒരു ഉയർന്ന മതേതര മൂല്യമുണ്ട്. അതു പുറത്തുകാണുന്ന മത്സരത്തെ എളുപ്പമാക്കി മാറ്റും. മതേതര ചേരിയുടെ സ്ഥാനാർഥി എന്ന മുൻതൂക്കം വലിയ തോതിലുണ്ട്. വർഗീയതയ്ക്ക് എതിരായ പോരാട്ടം തന്നെയായിരിക്കും പ്രധാന പ്രചരണ വിഷയം. വർഗീയതയെ പ്രീണിപ്പിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ‌ നടത്തുന്ന ശ്രമങ്ങൾ തുറന്നുകാട്ടും.

തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് മോചിതനായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രവർത്തകർ സ്വീകരിക്കുന്നു. 
ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് മോചിതനായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രവർത്തകർ സ്വീകരിക്കുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

ആർഎസ്എസിനെ വളർത്താൻ ഓവർടൈം ജോലി എടുക്കുകയാണ് സിപിഎം നേതൃത്വം. തൃശൂർ പൂരം പോലും കലക്കിയിട്ട് ബിജെപിക്കൊരു സീറ്റ് കൊടുത്തവരാണ് അവർ. തൃശൂരിന്റെ സമീപ ജില്ലയാണല്ലോ പാലക്കാട്. അതിന്റെ പ്രതിഫലം പാലക്കാട് ഉണ്ടാകും. രാജ്യത്തിന്റെ ഏറ്റവും വലിയ ആവശ്യകത വർഗീയതയെ തുടച്ചു നീക്കുകയെന്നതാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടും.

∙ തിരഞ്ഞെടുപ്പിൽ മുഖ്യശത്രു എൽഡിഎഫോ എൻഡിഎയോ?

ഇവിടെ രണ്ടു ചേരിയേ ഉള്ളൂ. യുഡിഎഫ് നേതൃത്വം കൊടുക്കുന്ന മതേതര ചേരിയാണ് ഒന്ന്. അപ്പുറത്ത് ബിജെപിയുടെ വർഗീയ ചേരി. ബിജെപിയുടെ ആ വർഗീയ ചേരിയ്ക്കൊപ്പമാണ് സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം. എന്നാൽ സാധാരണക്കാരായ പ്രാദേശിക സിപിഎം പ്രവർത്തകർ മതേതര ചേരിക്കൊപ്പമാണ്.

∙ ത്രികോണ മത്സരം ഇല്ലെന്നാണോ പറയുന്നത്?

ആവേശത്തിരയിൽ... രാത്രി ജയിൽമോചിതനായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രവർത്തകർ സ്വീകരിക്കുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
ആവേശത്തിരയിൽ... രാത്രി ജയിൽമോചിതനായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രവർത്തകർ സ്വീകരിക്കുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

വർഗീയതയും മതേതരത്വവും തമ്മിൽ നേരിട്ടുള്ള മത്സരമാണ്. ആ മത്സരത്തിൽ മതേതര മനസുകൾ മുഴുവൻ ഒരു ചേരിയിലും വർഗീയത ചിന്തിക്കുന്ന ആളുകൾ മറ്റൊരു ചേരിയിലുമാണ്. സ്വന്തമായൊരു സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ സിപിഎമ്മിന് ആയിട്ടില്ല. ബിജെപിയെ സഹായിക്കാനുള്ള മികച്ച സ്ഥാനാർഥിയാര് എന്ന ഗവേഷണമാണ് സിപിഎം നടത്തുന്നത്.

∙ സരിന്റെ നീക്കത്തെ എങ്ങനെയാണ് നോക്കികാണുന്നത് ?

കോൺഗ്രസുകാരന് നേതൃത്വത്തോടു പരാതി പറയാം. അത് ഏതു മാധ്യമത്തിലൂടെ പറയണമെന്നത് അവരവരുടെ ചോയ്സാണ്. കോൺഗ്രുസുകാർ പറയുന്ന ആശങ്കകളെ പാർ‌ട്ടി നേതൃത്വം കേൾക്കും. അതു കേൾക്കാനുള്ള ബാധ്യത നേതൃത്വത്തിനുണ്ട്. ചില ആശങ്കകൾക്ക് ഒരു പ്രസക്തിയും കാണില്ല, നേതൃത്വം അതിനെ തള്ളിക്കളയും. പ്രസക്തിയുണ്ടെങ്കിൽ സ്വീകരിക്കും. സരിൻ എന്റെ സുഹൃത്താണ്. ആ സൗഹൃദത്തിന് മാറ്റമില്ല.

ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ അദ്ദേഹം സെക്രട്ടറിയും ഞാൻ ജനറൽ സെക്രട്ടറിയുമായിരുന്നു. ആ കമ്മിറ്റിയിൽ അടക്കം അദ്ദേഹവുമായി നല്ല ബന്ധമായിരുന്നു. പാലക്കാട്ടുള്ള കോൺഗ്രസ് നേതാക്കളുമായി വർഷങ്ങളായുള്ള ബന്ധം എനിക്കുണ്ട്. അതിന്റെ ഭാഗമായുള്ള ബന്ധം അദ്ദേഹവുമായിട്ടുണ്ടായിരുന്നു. 

∙ രാഹുൽ അന്യ ജില്ലക്കാരനാണെന്നാണ് പ്രധാന വിമർശനം?

പാലക്കാട്ടെ ജനങ്ങൾക്ക് അങ്ങനെയൊരു വിമർശനമുണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല. കേരളം ഒരു ചെറിയ സംസ്ഥാനമാണല്ലോ. ചെറിയ സമയം കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ യാത്ര ചെയ്യാൻ പറ്റുന്ന സംസ്ഥാനത്ത് അങ്ങനെയൊരു അന്യ ജില്ല എന്നുള്ളതില്ല. ഇഎംഎസ് മുഖ്യമന്ത്രിയാകുമ്പോൾ അദ്ദേഹം പാലക്കാട് ജില്ലക്കാരനല്ലല്ലോ. ഇ.കെ. നായനാർ മുഖ്യമന്ത്രിയാകുമ്പോൾ അദ്ദേഹം പാലക്കാട്ടുകാരൻ അല്ലല്ലോ. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയാകുമ്പോൾ അദ്ദേഹം പാലക്കാട് ജില്ലക്കാരനല്ലല്ലോ. പുറത്തുനിന്നു വന്നിട്ടുള്ള ആളുകളെ മുഖ്യമന്ത്രി വരെയാക്കിയ ജില്ലയാണ് പാലക്കാട്.

പട്ടാമ്പിയിൽനിന്നു വന്ന ഷാഫി പറമ്പിലായിരുന്നു പാലക്കാട് നിയോജക മണ്ഡ‍ലത്തിലെ ജനങ്ങളുടെ പ്രിയപ്പെട്ട എംഎൽ‌എ. പട്ടാമ്പി പാലക്കാടിന്റെ അറ്റമാണെന്ന് ഓർക്കണം. തിരഞ്ഞെടുപ്പിൽ പ്രദേശം പ്രശ്നമല്ല. സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്നശേഷം ഞാൻ ഏറ്റവും കുറച്ച് മാത്രമുണ്ടായിരുന്ന സ്ഥലം എന്റെ നാട്ടിലായിരുന്നു. എന്റെ ജില്ലയിൽ ഉണ്ടായിരുന്നതിനെക്കാൾ ഞാൻ പാലക്കാടാണ് ഉണ്ടായിരുന്നത്.

∙ ജയിലിൽ കിടന്നാൽ ത്യാഗമാകില്ല, ഇൻസ്റ്റയിൽ പോസ്റ്റിട്ടാൽ ത്യാഗമാകില്ല എന്നൊക്കെയുള്ള വിമർശനങ്ങളെക്കുറിച്ച്?

 ജയിലിൽ കിടക്കുന്നതിന് അപ്പുറം ത്യാഗമുണ്ട്. നല്ല വിദ്യാഭ്യാസമുള്ള ഒരാൾ അതിനോട് കോംപ്രമൈസ് ചെയ്ത് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ത്യാഗമാണ്. പലതരം ത്യാഗങ്ങളുണ്ട്. രണ്ട് മാസ്റ്റേഴ്സ് ബിരുദം എനിക്കുണ്ട്. എന്റെ പ്രായത്തിലുള്ള ആളുകളെ പോലെ ഉന്നതമായ ശമ്പളം നേടുന്ന ജോലി എനിക്കില്ല. അത് എന്റെയൊരു ത്യാഗമാണ്. ഒരു പ്രഫഷനൽ കോളജിൽ പഠിക്കുന്ന വിദ്യാർഥി കൊടിപിടിച്ചു പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നുണ്ടെങ്കിൽ അത് അവന്റെ ത്യാഗമാണ്. 

∙ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ എന്ന നിലയിൽ സരിന്റെ പ്രവർത്തനങ്ങളിൽ തൃപ്തനായിരുന്നോ?

 അതൊന്നും വിലയിരുത്തേണ്ടതു ഞാനല്ലല്ലോ. വേറൊരു സെല്ലിന്റെ മേധാവിയുടെ പ്രവർത്തനം വിലയിരുത്തേണ്ടതു പോഷക സംഘടനയുടെ പ്രസിഡന്റായ ഞാനല്ല.

∙ യൂത്ത് കോൺഗ്രസിന് ഡിജിറ്റൽ മീഡിയ സെല്ലിന്റെ പിന്തുണയില്ലായിരുന്നോ ?

 യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ അതിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും ക്രെഡിറ്റ് എനിക്ക് മാത്രമല്ല. അതൊരു കൂട്ടായ്മയാണ്. ഡിജിറ്റൽ മീഡിയ സെൽ എന്നു പറയുന്നിടത്ത് കേരളത്തിലെ എത്രയോ ചെറുപ്പക്കാരുണ്ട്. എന്റെ തുടക്കക്കാലത്ത് ഡിജിറ്റൽ മീഡിയ സെല്ലിനു വേണ്ടി പ്രവർത്തിച്ച ഒരാളാണ് ഞാൻ. ഒരു പ്രതിഫലവുമില്ലാതെ സ്വന്തം കയ്യിൽനിന്ന് മൊബൈൽ ഡേറ്റ റീച്ചാർജ് ചെയ്തു സ്വന്തം സർഗാത്മകതയിലൂടെ പോസ്റ്ററും ചെയ്താണു പ്രവർത്തിച്ചത്. പ്രവാസികൾ അടക്കം പതിനായിരക്കണക്കിനു പേർ ഇങ്ങനെ പ്രവർത്തിക്കുന്നുണ്ട്. ആ മനുഷ്യരുടെ അധ്വാനം കാണാതെ പോകരുത്. സരിന്റെ പ്രവർത്തനം മോശമാണെന്ന് ഇപ്പോൾ‌ ഞാൻ പറഞ്ഞാൽ ഈ പതിനായിരക്കണക്കിനു മനുഷ്യരെയാണ് നമ്മൾ മോശമാക്കുന്നത്. സരിന്റെ പ്രവർത്തനത്തെ വിലയിരുക്കേണ്ട അതോറിറ്റി ഞാനല്ല.

∙ ചേലക്കരയിൽ കോൺഗ്രസ് നേതാവായ എൻ‌.കെ. സുധീറാണ് ഡിഎംകെ സ്ഥാനാർഥി. വിമത ശബ്ദങ്ങളെ നേരിടുന്നതിൽ‌ കോൺഗ്രസ് പരാജയപ്പെട്ടോ? 

കോൺഗ്രസ് പോലൊരു പാർട്ടിയിൽ എത്ര നേർത്തതാണ് ആ എതിർപ്പിന്റെ ശബ്ദം. വലിയ പൊട്ടിത്തെറിയൊന്നും ഉണ്ടായിട്ടില്ല. നിങ്ങൾ മറിച്ചൊന്നു ചിന്തിക്കൂ. ബിജെപിക്ക് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. എന്താ കഴിയാത്തത്? അവർക്കിടയിൽ അഭിപ്രായ ഭിന്നതയാണ്. ചേലക്കരയിൽ സിപിഎമ്മിനു സ്ഥാനാർഥിയെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. ചേലക്കരയാണ് സിപിഎം പ്രതീക്ഷയർപ്പിക്കുന്ന പ്രധാനപ്പെട്ട മണ്ഡലമെന്ന് ഓർക്കണം. അവർക്കിടയിൽ വലിയ തർക്കമാണ്. ഇമ്പിച്ചിബാവയുടെ മകളെ സ്ഥാനാർഥിത്വത്തിൽനിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടു വലിയ പ്രതിഷേധം പാലക്കാട് സിപിഎമ്മിനുള്ളിലുണ്ട്. ശോഭാ സുരേന്ദ്രൻ നിൽക്കണോ കൃഷ്ണകുമാർ കുമാർ നിൽക്കണോ അങ്ങനെ ബിജെപിക്കുള്ളിൽ രണ്ട് പക്ഷങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയാണ്. അതൊക്കെ വച്ച് നോക്കുമ്പോൾ യുഡിഎഫിന് അകത്ത് ഒന്നുമുണ്ടായിട്ടില്ല.

∙ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും സംവിധാനവും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലാകുമോ?

അക്കാര്യത്തിൽ പിണറായി വിജയനോടു വലിയ നന്ദിയുണ്ട്. യുഡിഎഫിന്റെ നേതാക്കൾ പരസ്പരം കമ്മിറ്റികളിലാണ് ഒരുമിച്ചു കാണുന്നത്. എന്നാൽ ഇത്തവണ പിണറായി ചെയ്തു തന്ന സഹായം കാരണം ഞങ്ങളെല്ലാം ഒറ്റയടിക്ക് ജയിലിലായി. പി.കെ. ഫിറോസ്, ഉല്ലാസ് കോവൂർ‌, വിഷ്ണു, യൂസഫലി, സുധീഷ് കടന്നപ്പള്ളി ഇങ്ങനെ ഞങ്ങളെയൊക്കെ ഒരുമിച്ച് ജയിലിലേക്ക് അയച്ചതുകൊണ്ട് ഏഴെട്ടു ദിവസം ജയിലിൽ ഒരുമിച്ചിരുന്നു തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കേണ്ടതിനെപ്പറ്റി ഞങ്ങൾ സംസാരിച്ചു. ജയിലിൽ ആയിരുന്നു എല്ലാ കൂടിയാലോചനകളും നടന്നത്. ഞാൻ സ്ഥാനാർഥിയാകുമെന്ന് കരുതി ആയിരുന്നില്ല. ഞാൻ എത്തുന്നതിനു മുന്നേ ഫിറോസ് പാലക്കാട് എത്തിയിട്ടുണ്ട്. 

ഇന്ന് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ശ്രീണ്ഠേട്ടനും ഷാഫിക്കയും തങ്കപ്പേട്ടനുമെല്ലാം ഞാൻ എത്തുന്നതിനു മുന്നേ പാലക്കാട് എത്തിയിട്ടുണ്ട്. അവർ ജോലി തുടങ്ങി കഴിഞ്ഞു. വലിയ ഗൗരവം ഈ ഉപതിരഞ്ഞെടുപ്പിനുണ്ട്.

English Summary:

UDF Candidate Rahul Mamkootathil Addresses Sarin S Nair Controversy, Focuses on Secular Values

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com