ADVERTISEMENT

പത്തനംതിട്ട∙ കണ്ണൂർ മുൻ എ‍ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ. ഖേദം പ്രകടിപ്പിക്കുന്ന കത്ത് സബ് കലക്ടർ വഴിയാണ് പത്തനംതിട്ട മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ കുടുംബത്തിനു കൈമാറിയത്. മാപ്പ് അപേക്ഷിച്ചുള്ള കത്ത് രാവിലെയോടെ മലയാലപ്പുഴയിലെ വീട്ടിൽ നേരിട്ട് എത്തിക്കുകയായിരുന്നു. സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കലക്ടർ കത്തിൽ വ്യക്തമാക്കി. ഇന്നലെ കലക്ടർ പത്തനംതിട്ടയിൽ എത്തിയിരുന്നുവെങ്കിലും കാണാൻ താൽപര്യമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടർന്നാണ് കത്തെഴുതി പത്തനംതിട്ട സബ് കലക്ടർ വഴി കുടുംബത്തിനു കൈമാറിയത്. കത്തിൽ ഒപ്പോ സീലോ രേഖപ്പെടുത്തിയിട്ടില്ല. 

കത്തിന്റെ പൂർണരൂപം:

പ്രിയപ്പെട്ട നവീനിന്റെ ഭാര്യ മഞ്ജുഷയ്ക്കും മക്കൾക്കും,

പത്തനംതിട്ടയിൽ നിന്നും തിരിച്ച് കണ്ണൂരിലേക്കുള്ള യാത്രയിലാണ് ഞാൻ ഇത് എഴുതുന്നത്. ഇന്നലെ നവീനിന്റെ അന്ത്യകർമങ്ങൾ കഴിയുന്നതുവരെ ഞാൻ പത്തനംതിട്ടയിലുണ്ടായിരുന്നു. നേരിൽ വന്നു ചേർന്നു നിൽക്കണമെന്നു കരുതിയങ്കിലും സാധിച്ചില്ല.

നവീന്റെ കൂടെയുള്ള മടക്ക യാത്രയിൽ മുഴുവൻ ഞാനോർത്തത് നിങ്ങളെക്കാണുമ്പോൾ എന്തു പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് മാത്രമാണ്. നവീനിന്റെ മരണം നൽകിയ നടുക്കം ഇപ്പോളും എന്നെയും വിട്ടു മാറിയിട്ടില്ല.

ഇന്നലെ വരെ എന്റെ തോളോട് തോൾ നിന്ന് പ്രവർത്തിച്ചയാളാണ് നവീൻ. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തം നിർവഹിച്ച വ്യക്തി ആയിരുന്നു എട്ടു മാസത്തോളമായി എനിക്കറിയാവുന്ന നവീൻ..എനിക്ക് ഏതു കാര്യവും വിശ്വസിച്ചു ഏല്പിക്കാവുന്ന പ്രിയ സഹപ്രവർത്തകൻ..

സംഭവിക്കാൻ പാടില്ലാത്ത, നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചത്. ഈ വേദനയിൽ നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ പങ്കുചേരാൻ മനസ്സ് വെമ്പുംപോളും, നവീനിന്റെ വേർപാടിൽ എനിക്കുള്ള വേദനയും, നഷ്ടബോധവും. പതർച്ചയും പറഞ്ഞറിയിക്കാൻ എന്റെ വാക്കുകൾക്ക് കെൽപ്പില്ല.

എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോൾ... ഈ വിഷമഘട്ടം അതിജീവിക്കാൻ എല്ലാവർക്കും കരുത്ത് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ ഇപ്പൊൾ സാധിക്കുന്നുള്ളൂ ...

പിന്നീട് ഒരവസരത്തിൽ, നിങ്ങളുടെ അനുവാദത്തോടെ, ഞാൻ വീട്ടിലേക്ക് വരാം....

ഗുരുതര ആരോപണവുമായി ബന്ധുക്കൾ

കലക്ടർക്കെതിരെ ഗുരുതര ആരോപണമാണ് നവീൻ ബാബുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. വിരമിക്കൽ ചടങ്ങല്ല, മറിച്ച് സ്ഥലം മാറ്റമാണെന്നും യാത്രയയപ്പ് ചടങ്ങ് വേണ്ടെന്നും കലക്ടറോട് നവീൻ ബാബു അഭ്യർഥിച്ചിരുന്നുവെന്നാണ് ബന്ധു മലയാലപ്പുഴ മോഹനൻ ആരോപിച്ചത്. പക്ഷേ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയ്ക്കു വേണ്ടി ചടങ്ങ് ഉച്ചയ്ക്ക് ശേഷം സംഘടിപ്പിക്കുകയായിരുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ കലക്ടറേറ്റിലെ ജീവനക്കാർക്കും കലക്ടറോട്  അമർഷം ഉയർന്ന സാഹചര്യത്തിലാണ് കുടുംബത്തോട് ഖേദം പ്രകടിപ്പിച്ചുള്ള കത്ത് കൈമാറിയത്.

കലക്ടറുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ ടൗൺ സിഐയാണ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയത്. കലക്ടർക്കെതിരെ പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ.രാജൻ നേരത്തേ അറിയിച്ചിരുന്നു. നിലവിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുടുംബത്തിന്റെ പരാതിയിൽ ദിവ്യയ്ക്കെതിരെ മാത്രമാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. കല്കടർക്കെതിരെ ഇതുവരെ ബന്ധുക്കൾ പരാതി നൽകിയിട്ടില്ല.

English Summary:

Kannur Collector Expresses Condolences to Naveen Babu's Family Amidst Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com