ADVERTISEMENT

തിരുവനന്തപുരം∙ പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാലക്കാട് കോൺഗ്രസ് വിട്ടു വന്ന ഡോ.പി. സരിനും, ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ. പ്രദീപും സ്ഥാനാർഥികളാകും. യുഡിഎഫ് സ്ഥാനാർഥികളായി പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനേയും ചേലക്കരയിൽ രമ്യ ഹരിദാസിനേയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ ഉപതിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. പ്രിയങ്ക ഗാന്ധി യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിയായി സത്യൻ മൊകേരിയെ സിപിഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

പാലക്കാടും ചേലക്കരയിലും വയനാട്ടിലും ഇടതുമുന്നണി വിജയിക്കുമെന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷം എം.വി. ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ നിലപാട് അനുസരിച്ചാണ് ആളുകളെ ഉള്‍ക്കൊള്ളുകയും പുറന്തള്ളുകയും ചെയ്യുന്നത് എന്ന് പി.സരിനെ സ്ഥാനാര്‍ഥിയാക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ആളുകള്‍ കാലു മാറുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടത് വി.ഡി.സതീശനും കെ.സുധാകരനുമാണ്. പാലക്കാടും ചേലക്കരയിലും കോണ്‍ഗ്രസിന്റെ രണ്ട് നേതാക്കളാണ് കോണ്‍ഗ്രസിന് എതിരായി മത്സരിക്കുന്നത്. ഇടതുപക്ഷത്തിന് ഗുണപരമായ സ്ഥിതിയാണ് കേരളത്തില്‍ ഉണ്ടാകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ സ്വാധീനം ചെലുത്താന്‍ പോകുന്ന വിധിയാണ് രണ്ടിടത്തും ഉണ്ടാകാന്‍ പോകുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. പാലക്കാട് ബിജെപിയാണ് പ്രധാന എതിരാളി. ഇന്ത്യയില്‍ എവിടെയും ബിജെപി തന്നെയാണ് പ്രധാന എതിരാളി. അവിടെ ബിജെപിയെ ജയിപ്പിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിനെയും പരാജയപ്പെടുത്തും. പാലക്കാടും ചേലക്കരയും ഇടതുമുന്നണി ജയിക്കുമെന്ന നല്ല ആത്മവിശ്വാസം ഉണ്ട്. യുഡിഎഫില്‍ പാളയത്തില്‍ പട എന്ന സ്ഥിതിയാണുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു. 

പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരുമെന്നും അത് ബിജെപിക്ക് അനുകൂലമായ ഒരു സാഹചര്യം ഒരുക്കുമെന്നും അറിഞ്ഞുകൊണ്ടാണ് ഷാഫി പറമ്പില്‍ വടകരയില്‍ മത്സരിക്കാന്‍ പോയതെന്നും അത് ഡീലാണെന്നും അന്നു തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു. വടകരയില്‍ ജയിച്ച മുരളിയെ മാറ്റി ഒരു സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസ് നടത്തിയപ്പോള്‍ കേരളത്തിലെ മതനിരക്ഷേപ സമൂഹം ആ ഡീല്‍ തിരിച്ചറിഞ്ഞിരുന്നു. മുന്‍പും പ്രഗത്ഭരായ പലരേയും സ്വതന്ത്രന്മാരായി പാര്‍ട്ടി ഒപ്പം ചേര്‍ത്തിട്ടുണ്ട്. പിന്നീട് പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും അവര്‍ മുതല്‍ക്കൂട്ടായി മാറുകയും ചെയ്തിരുന്നു. കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തെ വിമര്‍ശിക്കുകയും പിന്നീട് അതിനോടു ചേരുകയും ചേര്‍ന്നവരാണ് പല പ്രമുഖരും. കെ.കരുണാകരനുമായും എ.കെ.ആന്റണിയുമായും ഉമ്മന്‍ചാണ്ടിയുമായും ആര്യാടന്‍ മുഹമ്മദുമായും ഒക്കെ ചേര്‍ന്ന് ഇടതുപക്ഷം മത്സരിച്ചിട്ടുണ്ട്. എല്ലാ കാലത്തേക്കും ആരുമായും ശത്രുത പുലര്‍ത്താന്‍ കഴിയില്ല. ഉപതിരഞ്ഞെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമോ എന്ന ചോദ്യത്തിനു പ്രസക്തി ഇല്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു സരിൻ. എംബിബിഎസിനും സിവിൽ സർവീസിനും ശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സരിൻ കോൺഗ്രസിന്റെ ഡിജിറ്റൽ‌ മീഡിയ സെൽ കൺവീനറായിരുന്നു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്‍റെ ഗവേഷണ വിഭാഗത്തിലും ഐടി സെല്ലിലും സരിന്‍ പ്രവര്‍ത്തിച്ചിരുന്നു.

യു.ആര്‍.പ്രദീപ് നിലവില്‍ കേരള സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആണ്. 2016 ല്‍ 10,200 വോട്ടുകള്‍ക്കാണ് യു.ആര്‍.പ്രദീപ് ചേലക്കരയില്‍ നിന്ന് ജയിച്ചത്. അന്ന് കോണ്‍ഗ്രസിന്റെ കെ.എ.തുളസിയെയാണ് പ്രദീപ് പരാജയപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com