‘പദവിയിൽ നിന്ന് നീക്കിയത് ശിക്ഷ’; ദിവ്യയ്ക്കെതിരെ സംഘടനാ നടപടി ഉടൻ വേണ്ടെന്ന് സിപിഎം
Mail This Article
തിരുവനന്തപുരം∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യയ്ക്കെതിരെ സിപിഎമ്മിന്‍റെ സംഘടനാ നടപടി ഉടനില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയിൽ നടപടി സ്വീകരിച്ചത്. പദവിയിൽ നിന്ന് നീക്കിയത് ശിക്ഷയാണെന്നാണ് സിപിഎം വിലയിരുത്തൽ. പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് കൂടി വന്ന ശേഷം തുടർനടപടികൾ തീരുമാനിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതു സംബന്ധിച്ച ധാരണയായത്. ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാൽ സംഘടനാ നടപടിയുണ്ടാകും.
അതേസമയം, പി.പി.ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു രംഗത്തെത്തി. പാർട്ടി പൂർണമായും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാൻ ആവില്ല. ദിവ്യയുടെ പെരുമാറ്റം പൊതുപ്രവർത്തകർക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു പറഞ്ഞു.