ജാർഖണ്ഡ്: സീറ്റു വിഭജന ചർച്ചകളിൽ ഇന്ത്യാ മുന്നണി; ജെഎംഎമ്മും കോൺഗ്രസും ചേർന്ന് 70 സീറ്റുകളിൽ മത്സരിക്കും
Mail This Article
റാഞ്ചി∙ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്നു. ആകെയുള്ള 81 സീറ്റുകളിൽ കോൺഗ്രസും ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തിമോർച്ചയും ചേർന്ന് 70 എണ്ണത്തിൽ മത്സരിക്കും. ആർജെഡിയും ഇടതുപാർട്ടികളും 11 സീറ്റുകളിൽ മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ച 43 സീറ്റിലും കോൺഗ്രസ് 31 സീറ്റിലുമാണ് മത്സരിച്ചത്.
‘‘സീറ്റ് വിഭജനത്തിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കാനാകില്ല. മുന്നണി നേതാക്കളെല്ലാം ഒരുമിച്ചുള്ളപ്പോൾ വിശദാംശങ്ങൾ വ്യക്തമാക്കും. ഘടകകക്ഷികളുമായി ചർച്ചകള്‍ നടക്കുകയാണ്.’’– മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. ജാർഖണ്ഡിൽ രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. നവംബർ 13, 20 തീയതികളിൽ വോട്ടെടുപ്പും നവംബർ 23ന് വോട്ടെണ്ണലും നടക്കും.
ഇത്തവണ കോണ്‍ഗ്രസിന് 27, 28 സീറ്റുകൾ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ജാര്‍ഖണ്ഡ് മുക്തിമോർച്ച കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നുണ്ട്. ഹേമന്ത് സോറനാണ് ജാർഖണ്ഡിലെ പാർട്ടിയുടെ മുഖമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വലിയ വിജയം നേടാനാകുമെന്നും പാർട്ടി നേതാക്കൾ പറയുന്നു. ആർജെഡിക്ക് കഴിഞ്ഞ തവണ 7 സീറ്റുകളാണ് ലഭിച്ചത്. എൻഡിഎ സീറ്റ് വിഭജനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജാർഖണ്ഡ് മുക്തി മോർച്ചയും സീറ്റുകൾ പ്രഖ്യാപിച്ചത്. ബിജെപി 68 സീറ്റിൽ മത്സരിക്കും. ഓൾ ജാർഖണ്ഡ് സ്റ്റുഡൻസ് യൂണിയൻ പത്തു സീറ്റിലും മത്സരിക്കും.