‘ബസിന്റെ വാതിൽ യദു തന്നെ തുറന്നു നൽകിയത്’; ആര്യയ്ക്കും സച്ചിൻദേവിനും പൊലീസിന്റെ ക്ലീൻ ചിറ്റ്
Mail This Article
തിരുവനന്തപുരം∙ കെഎസ്ആർടിസി ഡ്രൈവർ എൽ.എച്ച്.യദു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ നൽകിയ കേസിൽ മേയർക്കും ഭർത്താവ് സച്ചിൻദേവ് എംഎൽഎയ്ക്കും ക്ലീൻചിറ്റ് നൽകി പൊലീസ് റിപ്പോർട്ട്. മേയറും സച്ചിൻദേവ് എംഎൽഎയും മോശം ഭാഷ ഉപയോഗിച്ചതിനും സച്ചിൻദേവ് ബസിനുള്ളിലേക്ക് അതിക്രമിച്ചു കയറിയതിനും തെളിവില്ലെന്ന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
സാക്ഷിമൊഴികളും ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിൽനിന്ന് പ്രതികൾ മോശം ഭാഷ ഉപയോഗിച്ചതിന് (ഐപിസി 294 ബി) തെളിവില്ല. കേസിലെ രണ്ടാംപ്രതി (സച്ചിൻദേവ് എംഎൽഎ) കെഎസ്ആർടിസി ബസിനകത്ത് അതിക്രമിച്ച് കയറിയതല്ലെന്നും ഡ്രൈവർ യദുവിന്റെ നിയന്ത്രണത്തിലുള്ള ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസിന്റെ വാതിൽ യദു തന്നെ തുറന്നു നൽകിയതാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, യദു ഓടിച്ച വാഹനം അനുവദിച്ച റൂട്ടിലൂടെയല്ല ഓടിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ബേക്കറി ജംക്‌ഷൻ വഴി തമ്പാനൂരിലേക്ക് പോകേണ്ടിയിരുന്ന ബസ് പിഎംജി–പാളയം–വിജെടി റൂട്ടിലാണ് സഞ്ചരിച്ചിരുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. യദുവിന്റെ പേരിൽ നേമം, പേരുർക്കട, തമ്പാനൂർ പൊലീസ് സ്റ്റേഷനുകളിൽ നേരത്തെ കേസുകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സ്ത്രീയെ ഉപദ്രവിച്ച കേസുൾപ്പെടെയാണ് ഇത്.
തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ 30ന് വിധി പറയും. മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവും ബന്ധുക്കളും ഏപ്രിൽ 28ന് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് തർക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു. വാഹനം ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിനു നേർക്ക് ലൈംഗിക ചേഷ്ട കാണിച്ചെന്ന മേയറുടെ പരാതിയിൽ യദുവിനെതിരെയും കേസെടുത്തിട്ടുണ്ട്.