ADVERTISEMENT

ന്യൂഡൽഹി ∙ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് സുപ്രീം കോടതി പരിഗണിക്കും. അതുവരെ ഇടക്കാല ജാമ്യം തുടരും. സിദ്ദിഖിന് താൽക്കാലിക ആശ്വാസമാണ് കോടതിവിധി. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഇതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു. അന്വേഷണവുമായി സഹകരിക്കാത്ത സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. സിദ്ദിഖിന്റെ വാദം പരിഗണിച്ചാണ് ഇടക്കാല ജാമ്യം തുടരാൻ കോടതി അനുവദിച്ചത്. 

ഹോട്ടൽ മുറിയിൽവച്ച് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്കാരി പൊലീസിനെ സമീപിക്കാൻ 8 വർഷം വൈകിയതെന്തെന്ന് കോടതി ആരാഞ്ഞു. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നശേഷമാണ് പലർക്കും പരാതി പറയാൻ ധൈര്യമുണ്ടായതെന്നും, തുടർന്നാണ് നടി പരാതി നൽകിയതെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. പരാതിക്കാരിയുടെ അഭിഭാഷകയും ഇക്കാര്യം വ്യക്തമാക്കി. കേസിൽ സെപ്റ്റംബർ 30ന് ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് സിദ്ദിഖിന് താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു. കേസ് ഇനി പരിഗണിക്കുന്നതുവരെയായിരുന്നു ജാമ്യം. അറസ്റ്റുണ്ടായാൽ വിചാരണക്കോടതി നിർദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തിൽ വിടണമെന്നും നിർദേശിച്ചിരുന്നു.

സിദ്ദിഖ് തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സത്യവാങ്മൂലത്തിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചശേഷം സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അതിജീവിതയുമായി ആശയവിനിമയം നടത്തിയ ഫെയ്സ്ബുക്ക്, സ്കൈപ് അക്കൗണ്ടുകൾ സിദ്ദിഖ് ഡിലീറ്റ് ചെയ്തു. അക്കാലത്തെ ഫോണുകളും കംപ്യൂട്ടറുകളും ഉപേക്ഷിച്ചെന്നും പറയുന്നു. നിലവിൽ ഉപയോഗിക്കുന്ന ഫോണുകൾ അന്വേഷണ സംഘത്തിനു കൈമാറാനും വിസമ്മതിക്കുന്നു. കേസിൽ പ്രധാനമായ ഇലക്ട്രോണിക് തെളിവുകൾ മനഃപൂർവം നശിപ്പിക്കുകയായിരുന്നു. ഇവ കണ്ടെടുക്കണമെങ്കിൽ സിദ്ദിഖിനെ കസ്റ്റഡിയിൽ ലഭിക്കണമെന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

English Summary:

Supreme Court Reviews Actor Siddique's Anticipatory Bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com