മൂന്നാറിലേക്ക് വിനോദയാത്ര; വിദ്യാർഥികൾ ലഹരി വസ്തുക്കൾ ഷെയറിട്ട് വാങ്ങി, ലഹരിയെത്തിയത് തൃശൂരിൽ നിന്ന്
Mail This Article
അടിമാലി ∙ എക്സൈസ് നർകോട്ടിക് ഓഫിസിൽ കഞ്ചാവ് വലിക്കാൻ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർഥികൾക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ലഭിച്ചത് തൃശൂരിൽ നിന്ന്. വിനോദസഞ്ചാരത്തിനു പുറപ്പെടുന്നതിനു മുൻപുതന്നെ 10 അംഗ സംഘം ഷെയറിട്ട് ലഹരി വസ്തുക്കൾ വാങ്ങി കൈവശം വയ്ക്കുകയായിരുന്നു എന്ന് അറിവായിട്ടുണ്ട്. തൃശൂരിൽ നിന്നുള്ള വിദ്യാലയത്തിൽ നിന്ന് പ്ലസ്ടു വിദ്യാർഥികളായ നൂറോളം പേരാണ് 2 വാഹനങ്ങളിലായി മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരത്തിനുണ്ടായിരുന്നത്.
അടിമാലിയിൽ പ്രഭാത ഭക്ഷണം കഴിക്കുന്നതിനു വേണ്ടി വാഹനങ്ങൾ നിർത്തി. ഇറങ്ങിയവരിൽ 10 അംഗ സംഘമാണ് കഞ്ചാവ്, ഹഷീഷ് എന്നിവ ഉപയോഗിക്കുന്നതിനു തീപ്പെട്ടി ചോദിച്ച് ഹോട്ടലിനു സമീപത്തുള്ള നർകോട്ടിക് എൻഫോഴ്സ്മെന്റ് ഓഫിസിൽ എത്തിയത്. ഇവരെ ചോദ്യം ചെയ്തപ്പോൾ, തൃശൂരിൽ നിന്ന് 3 സംഘങ്ങൾ കൈമാറിയാണ് കഞ്ചാവ് ലഭിച്ചതെന്നാണ് കുട്ടികൾ എക്സൈസ് അധികൃതരെ അറിയിച്ചത്. പിടികൂടിയ കുട്ടികളിൽ ചിലർ മുൻപും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായും അറിവായിട്ടുണ്ട്.
സ്കൂൾ, കോളജ് വിദ്യാർഥികളിൽ കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കളുടെ ഉപഭോഗം വർധിച്ചു വരുന്നതായി എക്സൈസ് പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അടിമാലി നർകോട്ടിക് എൻഫോഴ്സ്മെന്റ് അധികൃതർ നടത്തിയ വാഹന പരിശോധനയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ 7 എണ്ണം കൗമാരക്കാരും കോളജ് വിദ്യാർഥികളും കഞ്ചാവ് കൈവശം വച്ചതുമായി ബന്ധപ്പെട്ടാണെന്ന് എക്സൈസ് നർകോട്ടിക് എൻഫോഴ്സ്മെന്റ് സിഐ രാഗേഷ് ബി.ചിറയാത്ത് പറഞ്ഞു.