ADVERTISEMENT

തിരുവനന്തപുരം∙ രാജ്യമാകെ വെടിക്കെട്ടിനു കടുത്ത നിയന്ത്രണങ്ങളുമായി എക്‌സ്‌പ്ലോസീവ് ആക്ടിലെ പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഒക്ടോബര്‍ 11ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച എക്‌സ്‌പ്ലോസീവ് ആക്ടിനു കീഴിലുള്ള ചട്ടത്തിലെ ഭേദഗതി തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ ഉത്കണ്ഠ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നതിനു മുഖ്യമന്ത്രി തലത്തില്‍ കേന്ദ്ര സര്‍ക്കാരിനു കത്തയയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. 

സ്‌ഫോടകവസ്തു നിയമവുമായി ബന്ധപ്പെടുത്തി 35 തരം ഭേദഗതികളുമായി ഇറങ്ങിയ അസാധാരണ വിജ്ഞാപനത്തിലെ നിയന്ത്രണങ്ങള്‍ പൂരം വെടിക്കെട്ട് നടത്തിപ്പ് അസാധ്യമാക്കുന്ന വിധത്തിലുള്ളതാണെന്നു ദേവസ്വങ്ങളും ജനപ്രതിനിധികളും വ്യക്തമാക്കുന്നു. വിജ്ഞാപനം തിരുത്തണമെന്നാവശ്യപ്പെട്ടു പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ സംയുക്ത ഫോറം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കു കത്തയച്ചിരുന്നു. ഫയര്‍ലൈനും മാഗസിനും (വെടിക്കെട്ടു സാമഗ്രികളുടെ സംഭരണസ്ഥലം) തമ്മില്‍ 200 മീറ്റര്‍ അകലം വേണമെന്ന നിബന്ധനയാണ് ഇതില്‍ പ്രധാനം. 45 മീറ്റര്‍ അകലമെന്ന നിലവിലെ നിബന്ധന തന്നെ കുറയ്ക്കണമെന്നു ദേവസ്വങ്ങളും പൂരക്കമ്മിറ്റിക്കാരും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടയിലാണ് അകലം പല മടങ്ങായി വര്‍ധിപ്പിച്ചത്.

വിജ്ഞാപനത്തിലെ മറ്റു പ്രധാന നിയന്ത്രണങ്ങള്‍ ഇങ്ങനെ: 

വെടിക്കെട്ട് സ്ഥലത്തെ ബാരിക്കേഡില്‍നിന്ന് 100 മീറ്റര്‍ അകലെയായിരിക്കണം ജനത്തെ ബാരിക്കേഡ് കെട്ടി നിര്‍ത്തേണ്ടത്. ഫയര്‍ലൈനില്‍നിന്ന് 100 മീറ്റര്‍ അകലെയാകണം വെടിക്കെട്ടുപുര (ഷെഡ്). മാഗസിനില്‍നിന്നു കുറഞ്ഞത് 20 മീറ്ററെങ്കിലും അകലം വേണം.250 മീറ്റര്‍ പരിധിയില്‍ ആശുപത്രി, നഴ്‌സിങ് ഹോം, സ്‌കൂള്‍ എന്നിവയുണ്ടെങ്കില്‍ അനുമതി തേടാതെ വെടിക്കെട്ട് നടത്തരുത്. കാറ്റിന്റെ വേഗം 50 കിലോമീറ്ററിലേറെയായിരിക്കുമ്പോഴോ കാണികളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമ്പോഴോ വെടിക്കെട്ട് നടത്തരുത്.

വെടിക്കെട്ടിനുപയോഗിക്കുന്ന ഇരുമ്പുകുഴലുകളുടെ പകുതി മണ്ണിനു താഴെ ആയിരിക്കണം. കുഴലുകള്‍ തമ്മില്‍ 50 സെന്റീമീറ്റര്‍ അകലം വേണം. വിവിധ വലുപ്പമുള്ള കുഴലുകള്‍ തമ്മില്‍ 10 മീറ്റര്‍ അകലം വേണം. കുഴലല്ലാതെ മറ്റ് ഇരുമ്പ്, സ്റ്റീല്‍ ഉപകരണങ്ങളോ ആയുധങ്ങളോ വെടിക്കെട്ടു സ്ഥലത്തു പാടില്ല.

English Summary:

Explosives Act Amendments Spark Outcry: Devaswoms Decry Fireworks Distance Rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com