‘തേജസ്വിക്കു താൽപര്യം നുഴഞ്ഞുകയറ്റക്കാരോട്; യുവതികളെ ശല്യപ്പെടുത്തുന്നവരോട് അനുഭാവം’
Mail This Article
പട്ന ∙ ആർജെഡി നേതാവ് തേജസ്വി യാദവിനു റോഹിങ്ക്യൻകാരോടും നുഴഞ്ഞു കയറ്റക്കാരോടുമാണു താൽപര്യമെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഹിന്ദു യുവതികളെയും പെൺകുട്ടികളെയും ശല്യപ്പെടുത്തുന്നവരോടാണ് തേജസ്വിയുടെ അനുഭാവം. പ്രതിപക്ഷം വോട്ട് ബാങ്ക് വ്യാപാരികളായി മാറിയിട്ടുണ്ടെന്നും ഗിരിരാജ് സിങ് കുറ്റപ്പെടുത്തി.
ലാലു യാദവിനും മകൻ തേജസ്വി യാദവിനും മതേതരത്വമെന്നാൽ മുസ്‌ലിംകൾക്കു വേണ്ടി സംസാരിക്കലും മുസ്‍ലിം വോട്ടു സമാഹരിക്കലുമാണ്. ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ തന്റെ ആറു ദിവസം നീണ്ട ഹിന്ദു സ്വാഭിമാൻ യാത്രയിൽ ഒരിടത്തു പോലും കലാപമുണ്ടായില്ലെന്നു ഗിരിരാജ് സിങ് പറഞ്ഞു. എന്നാൽ യാത്രയുടെ പേരിൽ കലാപമുണ്ടാക്കാനാണു ലാലുവും തേജസ്വിയും ശ്രമിച്ചതെന്നു ഗിരിരാജ് സിങ് ആരോപിച്ചു. ആരെങ്കിലും മുസ്‍ലിംകളെ നോട്ടമിട്ടാൽ ആർജെഡി നോക്കിയിരിക്കില്ലെന്നും ശക്തിയോടെ തിരിച്ചടിക്കുമെന്നുമുള്ള തേജസ്വി യാദവിന്റെ വെല്ലുവിളിയോടു പ്രതികരിക്കുകയായിരുന്നു ഗിരിരാജ് സിങ്.
ഗിരിരാജ് സിങ്ങിന്റെ ഹിന്ദു സ്വാഭിമാൻ യാത്രയ്ക്കിടെ ബിജെപി എംപി പ്രദീപ് കുമാർ സിങ് നടത്തിയ പ്രകോപന പ്രസ്താവനയ്ക്ക് എതിരെയായിരുന്നു തേജസ്വിയുടെ പ്രതികരണം. അരാരിയയിൽ ജീവിക്കണമെങ്കിൽ ഹിന്ദുവാകണം എന്നായിരുന്നു അരാരിയ എംപി പ്രദീപ് കുമാർ സിങ്ങിന്റെ വിവാദ പരാമർശം.