ADVERTISEMENT

തലശ്ശേരി∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഈ മാസം 29ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദാണ് കേസിൽ വാദം കേട്ടത്.

ജാമ്യം ലഭിച്ചാൽ ഇന്നുതന്നെ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് ദിവ്യ കോടതിയെ അറിയിച്ചു. ജില്ലാ കലക്ടർ യാത്രയയപ്പ് യോഗത്തിലേക്ക് അനൗദ്യോഗികമായി ക്ഷണിച്ചിരുന്നതായി ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ പറ‍ഞ്ഞു. യാത്രയപ്പ് ചടങ്ങിന് ഉണ്ടാകില്ലേഎന്നാണു കലക്ടർ ചോദിച്ചത്. യോഗത്തിനു വരുമെന്നു കലക്ടറെ ഫോണിലാണ് അറിയിച്ചത്. യോഗത്തിൽ സംസാരിക്കാൻ ക്ഷണിച്ചത് ഡപ്യൂട്ടി കലക്ടറാണെന്നും ദിവ്യ കോടതിയിൽ പറഞ്ഞു. അഭിഭാഷകനായ കെ.വിശ്വൻ മുഖേനയാണു ദിവ്യ മുൻ‌കൂർ ജാമ്യഹർജി സമർപ്പിച്ചത്. നവീൻ ബാബുവിനെതിരെയുള്ള അഴിമതി ആരോപണം കോടതിയിലും ദിവ്യ ആവർത്തിച്ചു. ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും പൊലീസും എതിർത്തു. എന്നാൽ നിയമപരമായി ജാമ്യം ലഭിക്കാനുള്ള കാര്യങ്ങൾ കോടതിയെ ബോധിപ്പിച്ചതായി ദിവ്യയുടെ അഭിഭാഷകൻ പറ‍ഞ്ഞു. 

കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണമെന്നു പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് വാദം കേൾക്കാനും റിപ്പോർട്ടിനുമായി ഇന്നത്തേക്കു വയ്ക്കുകയായിരുന്നു. ജാമ്യാപേക്ഷയെ എതിർത്തു കക്ഷിചേരാൻ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കു വേണ്ടി അഡ്വ. പി.എം.സജിത വക്കാലത്ത് നൽകിയിരുന്നു. കുടുംബത്തിന് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ ജോൺ എസ്.റാൽ‌ഫ് ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com