‘കുറ്റകൃത്യം സമുദായത്തിന്റെ പെടലിക്ക് വയ്ക്കേണ്ട; കോൺഗ്രസ്, മലപ്പുറത്തെ കൊച്ചുപാക്കിസ്ഥാനെന്നു വിളിച്ചവർക്കൊപ്പം’
Mail This Article
ചേലക്കര∙ മലപ്പുറം പരാമർശത്തിൽ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും കൂടുതൽ ഹവാല പണവും സ്വർണവും പിടികൂടുന്നത് മലപ്പുറം ജില്ലയിലാണ്. അതിന് കാരണം കരിപ്പൂർ വിമാനത്താവളം അവിടെ ആയതാണ്. ഇക്കാര്യം പറഞ്ഞാൽ അതെങ്ങനെ മലപ്പുറത്തെ വിമർശിക്കലാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. കുറ്റകൃത്യത്തെ സമുദായത്തിന്റെ പെടലിക്ക് വച്ചുകെട്ടേണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ മോശമായി ചിത്രീകരിക്കുന്നത് സംഘപരിവാറാണ്. കോൺഗ്രസും അവർക്കൊപ്പം കൂടി. മലപ്പുറത്തെ കൊച്ചുപാക്കിസ്ഥാൻ എന്ന് വിളിച്ചവർക്കൊപ്പമാണ് കോൺഗ്രസ് നിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചേലക്കര എൽഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷമാണെന്ന് അവകാശപ്പെട്ടതുകൊണ്ട് കാര്യമില്ല. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ സാധിക്കണം. ഒരു നേതാവ് ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തുവെന്ന് പറയുന്നു. മറ്റൊരാൾ ആർഎസ്എസ് ആചാര്യന്റെ മുന്നിൽ വണങ്ങുന്നു. കോൺഗ്രസ് വർഗീയതയുടെ ആടയാഭരണങ്ങൾ എടുത്തണിയുകയാണ്. കോൺഗ്രസിനും ലീഗിനും വർഗീയതയ്‌ക്കെതിരെ നിലപാടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ചില വർഗീയ ശക്തികൾ അവർക്ക് സ്വാധീനമുണ്ടെന്ന് നടിക്കുന്ന നാടാണ് കേരളം. വർഗീയ സംഘർഷമില്ലാത്ത നാടായി നമ്മുടെ നാട് നിലനിൽക്കുന്നു. അതിന് ഇടയാക്കിയത് എൽഡിഎഫാണ്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചാൽ മാത്രമേ നാടാഗ്രഹിക്കുന്ന രീതിയിലുള്ള സമാധാനം നൽകാൻ സാധിക്കൂ. എൽഡിഎഫിന് അതിന് കഴിയുന്നു. കോൺഗ്രസിനും ബിജെപിക്കും അത്രകണ്ട് ഈ രീതി സമീപിക്കാൻ സാധിക്കില്ല. വർഗീയതയുടെ ഭാഗമായി കടുത്ത അന്യമത വിരോധവും അക്രമവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കാണാം.