നല്ല വിമർശനത്തിന് നല്ല ഭാഷ വേണമെന്ന് എം.വി.ഗോവിന്ദൻ; കൃഷ്ണദാസിന്റേത് ശൈലി എന്ന് എ.കെ.ബാലൻ
Mail This Article
തൃശൂർ∙ നല്ല വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നല്ല വിമർശനത്തിന് നല്ല പദം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് കിട്ടുന്ന പദപ്രയോഗമാണിതെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി.ദിവ്യക്കെതിരെ നടപടിയെടുക്കേണ്ടത് കണ്ണൂരിലെ പാർട്ടിയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
പ്രയോഗം നടത്താൻ കൃഷ്ണദാസിനെ പ്രേരിപ്പിച്ചത് മാധ്യമങ്ങളിൽ വന്ന വാർത്തകളാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ.ബാലൻ പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടി അഭിപ്രായം പറയേണ്ട കാര്യമില്ല. ഓരോരുത്തരും സംസാരിക്കുമ്പോൾ പല ശൈലി സ്വീകരിക്കും. അതിൽ പാർട്ടി അഭിപ്രായം പറയേണ്ട ആവശ്യമില്ല. ആരുടെ ശൈലി ശരി ആരുടേത് തെറ്റ് എന്നൊന്നും പറയാൻ പറ്റില്ലെന്നും എ.കെ.ബാലൻ പറഞ്ഞു.
പാലക്കാട്ട് പാര്‍ട്ടിവിടുമെന്ന് പ്രഖ്യാപിച്ച ഏരിയകമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂറിനൊപ്പം എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ വേദിയിലെത്തിയപ്പോഴായിരുന്നു കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചത്. ‘‘ രാവിലെ മുതൽ ഇറച്ചിക്കടയ്ക്കു മുൻപിലെ പട്ടികളെപ്പോലെ മാധ്യമങ്ങൾ കാത്തിരിക്കുകയാണ്, കഴുകന്മാരെപ്പോലെ കോലും (ചാനൽ മൈക്ക്) കൊണ്ടു വന്നാൽ മറുപടി പറയാൻ കഴിയില്ല’’ എന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്