‘കോണ്‍ഗ്രസ് ചത്ത കുതിര, മുഖ്യമന്ത്രിയാകാൻ ഒരുങ്ങിനിൽക്കുന്നത് 3 പേർ; സരിന്‍ മിടുമിടുക്കന്‍’
Mail This Article
ആലപ്പുഴ∙ കോണ്‍ഗ്രസ് ചത്ത കുതിരയെന്നു പരിഹസിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരെയും ഉള്‍ക്കൊള്ളാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ മൂന്നുപേരുടെ മല്‍സരമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോണ്‍ഗ്രസുമായി താന്‍ ദീര്‍ഘകാലമായി അകല്‍ച്ചയിലാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. അതേസമയം, പാലക്കാട് ശക്തമായ ത്രികോണ മല്‍സരമാണു നടക്കാന്‍ പോകുന്നതെന്നും മൂന്നു മുന്നണിയും ഒപ്പത്തിനൊപ്പമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളപ്പള്ളി നടേശനെ നേരിട്ടു കണ്ട് പിന്തുണ അഭ്യര്‍ഥിക്കാനെത്തിയതായിരുന്നു സരിന്‍.
‘‘കോൺഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. സാമൂഹിക നീതിയെക്കുറിച്ചു പറഞ്ഞപ്പോൾ എന്നെ കോൺഗ്രസ് ജയിലിൽ ആക്കാൻ ശ്രമിച്ചു. ചത്ത കുതിരയാണ് കോൺഗ്രസ്. അതുകൊണ്ടു ഒന്നും കൂടുതൽ പറയുന്നില്ല. തന്നെ കള്ളക്കേസിൽ കുടുക്കാൻ കോൺഗ്രസ് ശ്രമിച്ചു. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ മൂന്നുപേരുടെ മത്സരമാണ്. അവരുടെ ചെയ്തികൾ കാരണമാണ് അകൽച്ചയിൽ ആയത്’’ – വെള്ളാപ്പള്ളി പറഞ്ഞു.
സരിന്‍ മിടുമിടുക്കനാണെന്ന് വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നിലപാടുള്ള ആളാണെന്ന് സരിനും പ്രതികരിച്ചു. ‘‘വെള്ളാപ്പള്ളി അഭിപ്രായം വെട്ടിത്തുറന്ന് പറയും. നേരത്തെ സൗഹൃദമുണ്ട്, അതുകൊണ്ട് കാണാനെത്തിയതാണ്. സന്ദർശനം വ്യക്തിപരമാണ്. അദ്ദേഹത്തെ കണ്ടു ദിവസം തുടങ്ങാൻ ആയിരുന്നു ലക്ഷ്യം. അദ്ദേഹം പറയുന്നത് കേൾക്കാനാണു വന്നത്. നല്ല മാറ്റത്തിനു വേണ്ടി ആഗ്രഹിക്കുന്ന ആളാണ് വെള്ളാപ്പള്ളി.’’ – സരിൻ വ്യക്തമാക്കി.