തൃശൂർ പൂരം കലക്കൽ: കേസെടുത്ത് പൊലീസ്, പരാതി നൽകിയത് എസ്ഐടി ഉദ്യോഗസ്ഥൻ
Mail This Article
തൃശൂർ ∙ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് ഒടുവിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്ഐടി) ഉദ്യോഗസ്ഥന്റെ പരാതിയിലാണു തൃശൂർ ഈസ്റ്റ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തൽ, രണ്ടു വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. എന്നാൽ ആരെയും പ്രതിചേർത്തിട്ടില്ല. പൂരം കലക്കിയതുമായി ബന്ധപ്പെട്ടു പൊലീസ് റജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്.
എഡിജിപിയുടെ പൂരം കലക്കൽ റിപ്പോർട്ടിന്മേൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു നിയമോപദേശം. ഇതോടെ വിവിധ പരാതികളിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം പരാതി നൽകുകയായിരുന്നു. എസ്ഐടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒടുവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ലോക്കൽ പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്ന ഈ കേസും പ്രത്യേക അന്വേഷണ സംഘം തന്നെ അന്വേഷിക്കുമെന്നാണു സൂചന.
തൃശൂർ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സിപിഐ നേതാക്കൾ തള്ളിയിരുന്നു. പൂരം കലങ്ങിയതു തന്നെയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പൂരം കലങ്ങിയതല്ല, കലക്കിയതാണെന്നു സിപിഐ നേതാവ് വി.എസ്.സുനിൽകുമാറും പ്രതികരിച്ചു.