ADVERTISEMENT

നാഗർകോവിൽ ∙ മലയാളി നവവധു ജീവനൊടുക്കിയതിനു പിന്നാലെ വിഷം കഴിച്ച ഭർതൃമാതാവ് ചികിത്സയിലിരിക്കെ മരിച്ചു.  ശുചീന്ദ്രം സ്വദേശിനി പരേതനായ നാഗരാജന്റെ ഭാര്യ ചെമ്പകവല്ലി (50) ആണ് ആശാരിപ്പള്ളം മെഡിക്കൽ കോളജിൽ തിങ്കളാഴ്ച വൈകിട്ടോടെ മരിച്ചത്.  കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ചെമ്പകവല്ലി മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് നവവധു മരിക്കാനിടയായതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.  

തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനും ശുചീന്ദ്രം തെക്കുമൺ സ്വദേശിയുമായ കാർത്തിക്കിന്റെ ഭാര്യ കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതി(24)യെയാണ് തിങ്കളാഴ്ച ഭർതൃഗ്രഹത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെയാണ് ചെമ്പകവല്ലി വിഷം കഴിച്ചതെന്ന് ശുചീന്ദ്രം പൊലീസ് അറിയിച്ചു. ഇവർ വെന്റിലേറ്ററിലായിരുന്നു.

ശ്രുതി (Photo- Special Arrangement)
ശ്രുതി (Photo- Special Arrangement)

ഭർതൃമാതാവിന്റെ മാനസിക പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ശ്രുതി 21ന് അമ്മയ്ക്ക് വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു. പീഡനത്തെ കുറിച്ച് പരാമർശിക്കുന്ന സന്ദേശങ്ങളും പൊലീസിനു കൈമാറിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ചായിരുന്നു പീഡനമെന്നും സന്ദേശത്തിലുണ്ട്. ഭർത്താവിനൊപ്പം ഇരിക്കാനോ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനോ അനുവദിച്ചിരുന്നില്ലെന്നും ശ്രുതി പറഞ്ഞതായി വീട്ടുകാർ പൊലീസിനു മൊഴി നൽകി.

10 ലക്ഷം രൂപയും 50 പവൻ സ്വർണാഭരണവും വിവാഹ സമ്മാനമായി നൽകിയിരുന്നു. സ്ത്രീധനം കുറഞ്ഞു പോയെന്നു പറഞ്ഞ് ചെമ്പകവല്ലി നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും, എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചിരുന്നുവെന്നും ശ്രുതിയുടെ വാട്സാപ് സന്ദേശത്തിൽ പരാമർശിച്ചിരുന്നു.

ശ്രുതിയുടെ പിതാവ് ബാബുവിന്റെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ ആറു മാസക്കാലയളവിനുള്ളിൽ വധു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം ആയതിനാൽ ആർഡിഒ നേരിട്ട് അന്വേഷണം ഏറ്റെടുത്തു. തുടർന്ന് കാർത്തിക്, മാതാവ് ചെമ്പകവല്ലി എന്നിവരുടെ മൊഴിയെടുത്തു. ശ്രുതിയുടെ രക്ഷിതാക്കളോട് നാളെ നേരിട്ട് ഹാജരായി മൊഴി നൽകാൻ നാഗർകോവിൽ ആർഡിഒ എസ്.കാളീശ്വരി നിർദേശിച്ചിരുന്നു. കോയമ്പത്തൂരിലാണ് ബാബുവും കുടുംബവും താമസിക്കുന്നത്. ചെമ്പകവല്ലിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

English Summary:

Dowry Death Rocks Tamil Nadu: Young Wife's Suicide Followed by Mother-in-Law's Poisoning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com