ADVERTISEMENT

മാനന്തവാടി ∙ വയനാട്ടിലെ ഉരുൾപൊട്ടലിനെ കേന്ദ്രസർക്കാർ രാഷ്ട്രീയവൽക്കരിച്ചുവെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്ത് കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ദുരന്തത്തെപ്പോലും രാഷ്ടീയവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് ലജ്ജാകരമാണ്. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ ഫണ്ട് അനുവദിക്കാനോ കേന്ദ്ര സർക്കാർ ഇതുവരെ തയാറായില്ല. പിന്നെ എന്തിനാണ് നരേന്ദ്ര മോദി വയനാട്ടിലെത്തി ദുരന്തബാധിതരെ സന്ദർശിച്ചതെന്നും പ്രിയങ്ക ചോദിച്ചു.

വയനാട് നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് വന്യജിവി - മനുഷ്യ സംഘർഷം. അതു നമ്മൾ ഒരുമിച്ചിരുന്നു പരിഹരിക്കണം. ബിജെപി ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്നില്ല. ജനങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ജനങ്ങളുടെ സ്വത്തെല്ലാം പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ കോർപറേറ്റുകൾക്ക് നൽകുകയാണ്. കർഷകരോട് യാതൊരു അനുഭാവവുമില്ല. ജനങ്ങൾ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുകയാണ്.

അശാസ്ത്രീയമായ ജിഎസ്ടി ചെറുകിട വ്യാപാരികളെ കച്ചവടം ചെയ്യാൻ അനുവദിക്കുന്നില്ല. ഏതൊരു പുതിയ വസ്തുവിനും നികുതി ചുമത്തുന്നു. ഒരു സുപ്രഭാതത്തിൽ പ്രധാനമന്ത്രി നോട്ട് നിരോധിച്ചു. അതു സാധാരണ ജനങ്ങളെയാണ് കഷ്ടപ്പെടുത്തിയത്. വിദ്യാഭ്യാസമുണ്ടായിട്ടും യുവജനങ്ങൾ കഷ്ടപ്പെടുകയാണ്. സർക്കാർ ജോലിസാധ്യതകൾ സൃഷ്ടിക്കുന്നില്ല. വയനാടിന് വളരാനുള്ള ഒരുപാട് അവസരങ്ങളുണ്ട്. തൊഴിലുറപ്പു തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മൻസൂർ അലി ഖാൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽ കുമാർ എംഎൽഎ, കോഓർഡിനേറ്റർമാരായ ടി. സിദ്ദിഖ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ട്രഷറർ എൻ.ഡി. അപ്പച്ചൻ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, ടി. മുഹമ്മദ്, പി.ടി. ഗോപാലക്കുറുപ്പ്, എം.സി. സെബാസ്റ്റ്യൻ, കെ. അബ്ദുൽ അസീസ്, വാസു അമ്മാനി, ജോസ് നിലമ്പനാട്ട്, സിനോ പാറക്കാലായിൽ, വി.ജെ. സെബാസ്റ്റ്യൻ, എം. സുലൈമാൻ, സി.കെ. അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.

English Summary:

Priyanka Gandhi Slams Central Government's Inaction on Wayanad Disaster Relief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com