കാതോലിക്കാ ബാവായുടെ കബറടക്ക ശുശ്രൂഷ ശനിയാഴ്ച; 14 ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു
Mail This Article
കൊച്ചി ∙ യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്ക ശുശ്രൂഷയുടെ സമാപന ശുശ്രൂഷകൾ നവംബർ 2 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് ആരംഭിക്കും. ബാവായുടെ വിയോഗത്തിൽ പള്ളികളിലും പള്ളി വക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
വ്യാഴാഴ്ച വൈകിട്ട് 5.21ന് കാലം ചെയ്ത ബാവായുടെ ഭൗതികശരീരം രാത്രി 9 മണിയോടെ ആശുപത്രിയിൽനിന്ന് ആലുവ, പെരുമ്പാവൂർ, കുറുപ്പംപടി വഴി കോതമംഗലം ചെറിയ പള്ളിയിൽ എത്തിച്ചു. തുടർന്ന് പൊതുദർശനം. നവംബർ 1 വെള്ളിയാഴ്ച രാവിലെ 8ന് ചെറിയ പള്ളിയിൽ കുർബാന നടക്കും. 9.30ന് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിങ് കമ്മിറ്റിയുടെയും സംയുക്ത യോഗം.
തുടർന്ന് 10.30ന് സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചനമസ്ക്കാരം കഴിഞ്ഞ് 1ന് കോതമംഗലം ചെറിയ പള്ളിയിൽനിന്ന് വലിയ പള്ളിയിൽ എത്തിച്ചേരും. തുടർന്ന് 4ന് കോതമംഗലം വലിയ പള്ളിയിൽനിന്ന് മൂവാറ്റുപുഴ വഴി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ഭൗതികശരീരം എത്തിക്കും. ശേഷം പൊതുദർശനം. നവംബർ 2ന് രാവിലെ 8ന് പാത്രിയർക്കാ സെന്റർ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ കുർബാന. 3ന് കബറടക്ക ശുശ്രൂഷയുടെ സമാപന ശുശ്രൂഷകൾ ആരംഭിക്കും.