ADVERTISEMENT

ശബരിമല ∙ ഐശ്വര്യ സമൃദ്ധിക്കായി അയ്യപ്പ സന്നിധിയിൽ‍ ലക്ഷാർച്ചനയോടെ ചിത്തിര ആട്ടത്തിരുനാൾ ആഘോഷിച്ചു. ഗണപതിഹോമം നടക്കുന്ന മണ്ഡപത്തിൽ കളംവരച്ചു നിലവിളക്കുകളും ഒരുക്കുകളും വച്ചു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ പൂജിച്ചു ബ്രഹ്മകലശം നിറച്ചു. ലക്ഷാർച്ചനയുടെയും കളഭാഭിഷേകത്തിന്റെയും ബ്രഹ്മകലശങ്ങൾ ഒരുമിച്ചാണു പൂജിച്ചു നിറച്ചത്. ആദ്യം കളഭാഭിഷേകത്തിനുള്ള ബ്രഹ്മകലശം പൂജിച്ചു കളഭം നിറച്ചു. പിന്നീട് ലക്ഷാർച്ചനയുടെ ബ്രഹ്മകലശവും. ഭസ്മമാണു ലക്ഷാർച്ചനയുടെ ബ്രഹ്മകലശത്തിൽ നിറച്ചത്. തുടർന്നു 25 ശാന്തിക്കാർ കലശത്തിനു ചുറ്റുമിരുന്നു സഹസ്രനാമം ചൊല്ലി അർച്ചന കഴിച്ചു. രാവിലെ 11ന് ലക്ഷം മന്ത്രങ്ങൾ ചൊല്ലി അർച്ചന പൂർത്തിയാക്കി.

  • Also Read

ഉദയാസ്തമന പൂജയ്ക്കും നെയ്യഭിഷേകത്തിനും ശേഷം ശ്രീകോവിലും സോപാനവും കഴുകിയാണു കളഭാഭിഷേകത്തിനായി ദേവനെ ഒരുക്കിയത്. വാദ്യമേളങ്ങളുടെ അകമ്പടിയിൽ ലക്ഷാർച്ചന, കളഭാഭിഷേകം എന്നിവയുടെ ബ്രഹ്മകലശങ്ങൾ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. തന്ത്രിയുടെ അനുജ്ഞ വാങ്ങി മേൽശാന്തി പി.എൻ.മഹേഷ് ബ്രഹ്മകലശം എടുത്തു. പ്രദക്ഷിണമായി ശ്രീകോവിലിൽ എത്തിച്ചു. ആയിരക്കണക്കിനു തീർഥാടകർ ശബരീശനെ സ്തുതിച്ചുനിൽക്കെ ആദ്യം ലക്ഷാർച്ചനയുടെ ബ്രഹ്മകലശം അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. പിന്നീടായിരുന്നു കളഭാഭിഷേകം.

പുറപ്പെടാ മേൽശാന്തിമാരായ പി.എൻ.മഹേഷ് (ശബരിമല), പി.ജി.മുരളി (മാളികപ്പുറം) എന്നിവരുടേതു സന്നിധാനത്തെ അവസാന പൂജയായിരുന്നു. ഇരുവരും എല്ലാ പൂജകളിലും മുഖ്യകാർമികത്വം വഹിച്ചു. ഇരുവരുടെയും കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും എത്തിയിരുന്നു. തീർഥാടനത്തിനായി വൃശ്ചികം ഒന്നിന് ഇപ്പോഴത്തെ മേൽശാന്തി പി.എൻ.മഹേഷാണു ക്ഷേത്രനട തുറക്കുക. പുതിയ മേൽശാന്തിമാരായി തിരഞ്ഞെടുക്കപ്പെട്ട എസ്.അരുൺകുമാർ നമ്പൂതിരി (ശബരിമല), വാസുദേവൻ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങുകൾ 15ന് വൈകിട്ട് നടക്കും.

തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിലാണു സ്ഥാനാരോഹണ ചടങ്ങുകൾ. തന്ത്രിയുടെ കാർമികത്വത്തിൽ സോപാനത്തു കലശം പൂജിച്ച് അരുൺകുമാർ നമ്പൂതിരിയെ അഭിഷേകം ചെയ്യും. പിന്നീട് ശ്രീകോവിലിൽ കൂട്ടിക്കൊണ്ടുപോയി മൂലമന്ത്രം ഉപദേശിക്കും. പൂജാവിധികളും പറഞ്ഞു കൊടുക്കും. അതിനു ശേഷമാണു മാളികപ്പുറത്തെ ചടങ്ങ്. അവിടെയും കലശം പൂജിച്ച് വാസുദേവൻ നമ്പൂതിരിയെ അഭിഷേകം ചെയ്യും. ശ്രീകോവിലിൽ കൊണ്ടുപോയി മാളികപ്പുറത്തെ മൂലമന്ത്രം പറഞ്ഞു കൊടുക്കും. 16ന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിയാണു നട തുറക്കുക.

English Summary:

Sabarimala Ayyappa Temple Celebrates Chithira Aatta Thirunal with Grand Laksharchana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com