ADVERTISEMENT

ശ്രീനഗർ∙ ഭീകരരെ കൊലപ്പെടുത്തുകയല്ല ജീവനോടെ പിടികൂടുകയാണ് വേണ്ടതെന്ന നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ പരാമർശം വിവാദത്തിൽ. ഭീകരരെ പിടികൂടി ജമ്മു കശ്മീരിൽ തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കു പിറകിലെ ആസൂത്രകൻ ആരാണെന്ന് കണ്ടെത്തുകയാണ് വേണ്ടതെന്നാണ് ഫാറൂഖ് അബ്ദുല്ല അഭിപ്രായപ്പെട്ടത്.  ബുദ്ഗാമിലെ ഭീകരാക്രമണത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

‘‘ഇക്കാര്യം അന്വേഷിക്കണം. സർക്കാർ അധികാരത്തിലെത്തിയതും എങ്ങനെയാണ് ഇതെല്ലാം സംഭവിക്കുന്നത്? സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരാണ് ഇതിനുപിറകിലെന്ന് ഞാൻ സംശയിക്കുന്നു. അവരെ പിടികൂടിയാൽ മാത്രമേ ഇതിനുപിറകിൽ ആരാണെന്ന വ്യക്തമായ ചിത്രം ലഭിക്കൂ. അവരെ വധിക്കരുത്, പിടികൂടി ആരാണ് പിറകിലെന്ന് ചോദ്യം ചെയ്യണം. ഒമർ അബ്ദുല്ലയെ അസ്ഥിരപ്പെടുത്താനാണോ ശ്രമമെന്ന് മനസ്സിലാക്കണം.’’ - ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ഫാറൂഖിന്റെ അഭിപ്രായങ്ങളെ പിന്തുണച്ച് ശരദ് പവാറും രംഗത്തെത്തി. ഫാറൂഖിനെ പോലെ കശ്മീരിനെ വർഷങ്ങളായി അറിയുന്ന മുതിർന്ന നേതാവ് പറയുന്ന കാര്യങ്ങൾ കേന്ദ്ര സർക്കാർ ഗൗരവത്തിലെടുക്കണമെന്നാണ് ശരദ് പവാർ അഭിപ്രായപ്പെട്ടത്. 

എന്നാൽ ഫാറൂഖിനെ എതിർത്ത് ബിജെപി നേതാവ് രവീന്ദർ റെയ്‌ന രംഗത്തെത്തി. ‘‘ഭീകരപ്രവർത്തനങ്ങൾക്ക് പിന്നിൽ പാക്കിസ്ഥാനാണെന്ന് ഫറൂഖ് അബ്ദുല്ലയ്ക്ക് അറിയാം. അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എല്ലാവർക്കും അറിയുന്ന ഒരു വിഷയത്തിൽ എന്ത് അന്വേഷണമാണ് നടത്തേണ്ടത്. പാക്കിസ്ഥാനും അവർ പിന്തുണയ്ക്കുന്ന ഭീകരസംഘടനകളുമാണ് ഇതിനുപിന്നിൽ. നാം സൈന്യത്തെയും പൊലീസുകാരെയും സുരക്ഷാസേനയെയും പിന്തുണയ്ക്കുകയാണ് വേണ്ടത്. മാനവരാശിയ്ക്കാകെ ശത്രുവാകുന്നവർക്കെതിരെ നാം ഒറ്റക്കെട്ടായി പോരാടണം.’’ അദ്ദേഹം പറഞ്ഞു. 

English Summary:

Should Terrorists be Captured Alive? Farooq Abdullah Ignites Controversy in J&K

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com