വ്യവസായ വകുപ്പ് ഡയറക്ടർ അഡ്മിനായി ഹിന്ദു ഐഎഎസുകാരുടെ വാട്സാപ് ഗ്രൂപ്പ്; ഹാക്കിങ്ങെന്ന് പരാതി
Mail This Article
തിരുവനന്തപുരം ∙ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ അഡ്മിനായി ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചതായി പ്രചാരണം. എന്നാൽ, ദീപാവലി ആശംസ അറിയിക്കാനാണ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ജാതിയുടെയോ മതത്തിന്റെയോ പേരിൽ പ്രവർത്തനങ്ങൾ നടത്താൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് അനുമതിയില്ല. ചാനലുകളിൽ വാർത്ത വന്ന് സംഭവം വിവാദമായതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു.
പിന്നീട്, തന്റെ വാട്സാപ് ഹാക്ക് ചെയ്തെന്ന് ആരോപിച്ച് ഗോപാലകൃഷ്ണൻ സൈബർ സെല്ലിന് പരാതി നൽകി. ജില്ലാ കലക്ടർമാർ മുതൽ അഡിഷനൽ ചീഫ് സെക്രട്ടറിയെവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് രൂപീകരിച്ചത്. ഒരു മണിക്കൂറിനുള്ളിൽ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തന്റെ വാട്സാപ് ഹാക്ക് ചെയ്യപ്പെട്ടതായി ആ ഗ്രൂപ്പിലുണ്ടായിരുന്നവർക്കെല്ലാം ഗോപാലകൃഷ്ണൻ സന്ദേശം അയച്ചു.
ഫോൺ ഹാക്ക് ചെയ്തതായും തന്റെ പേരിൽ 11 വാട്സാപ് ഗ്രൂപ്പുകൾ ആരോ രൂപീകരിച്ചതായും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി. തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നു മാധ്യമങ്ങളോടും അദ്ദേഹം പ്രതികരിച്ചു.