മലയോര മേഖലയിൽ കനത്ത മഴ, 8 ജില്ലകളിൽ യെലോ അലർട്ട്; മലമ്പുഴ ഡാമിൽ ജലനിരപ്പ് കൂടി
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ. കണ്ണൂർ ചെമ്പേരിയിൽ 45 മിനിറ്റിൽ 49 മില്ലിമീറ്റർ മഴയാണ് പെയ്തത്. ആറളത്ത് 45 മിനിറ്റിൽ 42 മില്ലിമീറ്റർ, പെരിങ്ങോമിൽ അര മണിക്കൂറിൽ 37 മില്ലിമീറ്റർ, മൂവാറ്റുപുഴയിൽ അര മണിക്കൂറിൽ 25 മില്ലിമീറ്റർ, കോട്ടയം അയ്മനത്ത് അരമണിക്കൂറിൽ 30 മില്ലിമീറ്റർ, പുതുപ്പള്ളിയിൽ 15 മില്ലിമീറ്റർ എന്നിങ്ങനെയാണു മഴപ്പെയ്ത്തിന്റെ അളവ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ 8 ജില്ലകളിൽ ഇന്ന് (3) യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നത്തേത് ഉൾപ്പെടെ 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
കനത്ത മഴയെ തുടർന്ന് ഡാമുകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മലമ്പുഴ ഡാം പരമാവധി ജലനിരപ്പായ 115.06 മീറ്ററിലേക്ക് ഉടൻ എത്തും. 2018ന് ശേഷം ആദ്യമായാണ് മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിലേക്ക് എത്തുന്നത്. പരമാവധി ജലനിരപ്പിൽ എത്തിയാൽ സ്പിൽവേ ഷട്ടറുകൾ കൂടുതൽ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാം ടോപ്പിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തിലും നിയന്ത്രണമുണ്ടാകും.