‘രാജിവച്ചില്ലെങ്കിൽ ബാബാ സിദ്ദിഖിയെപ്പോലെ കൊന്നുകളയും’: യോഗിക്കെതിരെ വധഭീഷണി, 24 കാരി അറസ്റ്റിൽ
Mail This Article
മുംബൈ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് മുംബൈ ട്രാഫിക് പൊലീസിനു ഭീഷണി സന്ദേശം. പത്തു ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചില്ലെങ്കിൽ ബാബാ സിദ്ദിഖിയുടെ അവസ്ഥ വരുമെന്നാണു ഭീഷണി സന്ദേശത്തിൽ. മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി ബാന്ദ്രയിൽ വെടിയേറ്റു കൊല്ലപ്പെട്ട് ആഴ്ചകൾക്കകമാണ് ഈ ഭീഷണി സന്ദേശം വരുന്നത്. സമാനമായ നിരവധി വധഭീഷണികളാണ് ബോളിവുഡ് നടൻ സൽമാൻ ഖാന്റെ നേർക്കും ഉയരുന്നത്.
അതേസമയം, സംഭവത്തിൽ ഇരുപത്തിനാലുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണിതെന്നാണു പുറത്തുവരുന്ന വിവരം. മഹാരാഷ്ട്രയിലെ താനെയിൽ ഉല്ലാസ്നഗർ മേഖലയിൽ താമസിക്കുന്ന ഫാത്തിമ ഖാനെന്ന യുവതിയെയാണ് പൊലീസ് പിടികൂടിയിരിക്കുന്നതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐടിയിൽ ബിരുദമുള്ളയാളാണ് ഫാത്തിമയെന്നാണു വിവരം. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
ഇന്നലെ വൈകിട്ടാണ് മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‌സാപ് ഹെൽപ്‌ലൈൻ നമ്പറിൽ വധഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ യോഗി ആദിത്യനാഥിന്റെ സുരക്ഷാ സംഘം കടുത്ത ജാഗ്രത പുലർത്തുന്നുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി മുംബൈ പൊലീസിനു നിരവധി വധഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നതിനു 15 ദിവസങ്ങൾക്കുമുൻപ് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. വൈ കാറ്റഗറി സുരക്ഷയിലിരിക്കെയാണ് കൊലപാതകം.