യുഎസ് വിധിയെഴുതുന്നു; പവാർ സജീവ രാഷ്ട്രീയം വിടുമെന്നു സൂചന – പ്രധാന വാർത്തകൾ
Mail This Article
മാസങ്ങൾ നീണ്ട പ്രചാരണത്തിനൊടുവിൽ യുഎസ് പോളിങ് ബൂത്തിലേക്ക് എത്തിയതും സജീവ രാഷ്ട്രീയത്തിൽനിന്ന് ശരദ് പവാർ വിരമിക്കുമെന്ന സൂചനയുമാണ് പ്രധാന വാർത്തകൾ. യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ് ആരംഭിച്ചു. പ്രാദേശിക സമയം പുലർച്ചെ അഞ്ചു മണിയോടെയാണ് വെർമോണ്ട് സംസ്ഥാനത്തെ പോളിങ് ബൂത്തുകൾ ഉണർന്നത്. വൈകാതെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽക്കൂടി പോളിങ് ആരംഭിച്ചു.
സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചേക്കുമെന്ന സൂചന നൽകി എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ. രാജ്യസഭയിലെ കാലാവധി തീരുന്നതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് അദ്ദേഹം വിട്ടുനിൽക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്.
അതേസമയം, എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ പി.പി.ദിവ്യയുടെ ജാമ്യഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി വെള്ളിയാഴ്ച വിധിപറയും.
സിൽവർലൈൻ പദ്ധതിരേഖയിൽ മാറ്റം വരുത്തണമെങ്കിൽ മാറ്റുമെന്ന് മന്ത്രി സജി ചെറിയാൻ. പദ്ധതി നടപ്പാക്കില്ലെന്നു പറയാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരാണെന്നും അദ്ദേഹം ചോദിച്ചു. പാലാ എംഎൽഎ മാണി സി.കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി.