‘പിന്നിലൂടെ വന്നു കഴുത്തിൽ കത്തി കുത്തിയിറക്കും; സ്വനപേടകത്തിൽ മുറിവുണ്ടാക്കി ശബ്ദം തടയും’
Mail This Article
തിരുവനന്തപുരം∙ പേരൂര്‍ക്കടയിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയായിരുന്ന നെടുമങ്ങാട് സ്വദേശിനി വിനീതയെ കൊലപ്പെടുത്തിയ കേസിൽ നിർണായകമായി ഫൊറൻസിക് വിദഗ്ധന്റെ മൊഴി. വിനീതയെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് പ്രതി തമിഴ്നാട്ടില്‍ കസ്റ്റംസ് ഓഫിസറെയും കുടുംബത്തെയും കൊന്നതെന്ന് കന്യാകുമാരി ആശാരിപളളം സർക്കാർ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിദഗ്ധനായ ഡോ. ആര്‍. രാജ മുരുഗന്‍ കോടതിയിൽ മൊഴി നല്‍കി.
കന്യാകുമാരി തോവാള വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫിസറുമായ സുബ്ബയ്യ, ഭാര്യ വാസന്തി, മകള്‍ അഭിശ്രീ (13) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ഡോ.രാജ മുരുഗന്‍ ആയിരുന്നു. കോടതിയില്‍ കാണിച്ച വിനീതയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലെ കൊലപാതക രീതിയും താന്‍ തമിഴ്നാട്ടില്‍ ചെയ്ത 3 പോസ്റ്റ്മാര്‍ട്ടത്തിലുള്ള ഇരകളുടെ കൊലപാതക രീതിയും സമാനമാണെന്നും ഇരകളുടെ ശബ്ദം പുറത്തു വരാതിരിക്കാന്‍ സ്വനപേടകത്തിന് മുറിവേല്‍പ്പിക്കുന്ന രീതിയാണ് പ്രതി അവലംബിക്കുന്നതെന്നും ഡോ. രാജ മുരുഗൻ കോടതിയെ അറിയിച്ചു.
മുറിവിന്റെ ആഴവും ഉപയോഗിച്ച ആയുധവും ഒരുപോലെ ഉള്ളതാണെന്നും ഡോക്ടര്‍ പറഞ്ഞു. ഇരയുടെ പുറകിലൂടെ എത്തിയാണ് കഴുത്തില്‍ കത്തി കുത്തിയിറക്കി ആഴത്തില്‍ മുറിവ് ഉണ്ടാക്കുന്നത്. ഈ മുറിവ് പിന്നീട് മരണകാരണമായി തീരുമെന്നും ഡോക്ടർ നൽകിയ മൊഴിയിൽ പറയുന്നു.
കൊല്ലപ്പെട്ട സുബ്ബയ്യയുടെയും കുടുംബത്തിന്റെയും കൊലപാതകത്തിലെ പ്രതിയാണ് കോടതിയില്‍ ഉളളതെന്ന് പ്രസ്തുത കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച തമിഴ്നാട് സിബിസിഐഡി ഇന്‍സ്പെക്ടര്‍ എന്‍.പാര്‍വതിയും മൊഴി നല്‍കി. പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീനാണ് തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥരെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറെയും വിളിച്ചു വരുത്തണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. പ്രതിയുടെ കൊലപാതകത്തിലെ സമാനതകളും പ്രതി സ്വര്‍ണത്തിന് വേണ്ടിയാണ് 3 കൊലപാതകങ്ങളും ചെയ്തതെന്നും കോടതിയെ ബോധ്യപ്പെടുത്തുന്നതിനായിരുന്നു സാക്ഷികളെ തമിഴ്നാട്ടില്‍നിന്ന് എത്തിച്ചത്.
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കനത്ത പൊലീസ് നിരീക്ഷണത്തിലായിരിക്കെയാണ് തലസ്ഥാനത്തെ ഞെട്ടിച്ച് പട്ടാപ്പകല്‍ വിനീതയെ കൊന്നത്. 2022 ഫെബ്രുവരി ആറിനായിരുന്നു സംഭവം. പേരൂര്‍ക്കടയിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെത്തിയ തമിഴ്നാട് കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രന്‍ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ ശേഷം നാലര പവന്‍ തൂക്കമുളള സ്വര്‍ണമാല കവരുകയായിരുന്നു. കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ തോവാള കാവല്‍ക്കിണറിന് സമീപത്തെ ലോഡ്ജില്‍ നിന്നാണ് പേരൂര്‍ക്കട പൊലീസ് പിടികൂടിയത്.
2017ല്‍ തമിഴ്നാട് ആരുവാമൊഴി സ്വദേശിയും കസ്റ്റംസ് ഓഫിസറുമായ സുബ്ബയ്യയെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിഞ്ഞ അതേ ലോഡ്ജില്‍നിന്നാണ് പൊലീസ് ഇയാളെ അന്ന് പിടികൂടിയത്. ഫെബ്രുവരി 11ന് പൊലീസ് എത്തി രാജേന്ദ്രനെ പിടികൂടുകയും രാജേന്ദ്രന്റെ മുറി പരിശോധിക്കുകയും ചെയ്തു. മുറിയില്‍നിന്ന് ഭാരത് ഫൈനാന്‍സില്‍ സ്വര്‍ണം പണയം വച്ച കാര്‍ഡും തിരുവനന്തപുരം പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സിച്ച രേഖകളും കണ്ടെടുത്തു.