ADVERTISEMENT

കൊച്ചി ∙ മുനമ്പം കടപ്പുറത്തെ 610 കുടുംബങ്ങൾ നിയമാനുസൃതം സ്വന്തമാക്കിയ ഭൂമിയിൽ വഖഫ് ബോർഡിന്റെ അവകാശവാദം ഉപേക്ഷിക്കണമെന്നു കെആർഎൽസിസി ആവശ്യപ്പെട്ടു. ഭൂമിയിൽ ഇവർക്കു റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു നൽകണമെന്നും ഹൈക്കോടതി ഉത്തരവ് ഇതിനു തടസ്സമാണെങ്കിൽ നിയമപരിഹാരം കാണണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

610 കുടുംബങ്ങൾ താമസിക്കുന്ന ഭൂമി വഖഫ് ഭൂമിയാണെന്നു 2019ൽ തീരുമാനിക്കുകയും ആസ്തിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത വഖഫ് ബോർഡിന്റെ തീരുമാനം തെറ്റാണ്. 1988–93 കാലത്താണു ഫാറൂഖ് കോളജ് ഇൗ ഭൂമി വിപണിവിലയ്ക്കു വിറ്റത്. വഖഫ് ബോർഡിന്റെ അനുമതിയില്ലാത്തതിനാൽ ഇൗ വിൽപന അസാധുവാണെന്ന ബോർഡ് വാദം ശരിയല്ല. കാരണം, 2019 വരെ ഇൗ ഭൂമി വഖഫ് ബോർഡിന്റെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ല. ഫാറൂഖ് കോളജിനു സമ്മാനം ലഭിച്ച ഭൂമിയാണ് ഇത് എന്നതാണു കാരണം. അതിനാൽത്തന്നെ ഫാറൂഖ് കോളജിൽ നിന്നു ഭൂമി വാങ്ങിയവർക്കു നിയമപരമായി അവകാശമുണ്ട്. ഭൂമി വിറ്റ് ഫാറൂഖ് കോളജ് 33 ലക്ഷം രൂപ സമാഹരിച്ചു. ഇതുപയോഗിച്ചു വാങ്ങിയ സ്ഥലത്താണു ടീച്ചേഴ്സ് ട്രെയ്നിങ് സെന്റർ സ്ഥാപിച്ചത്. ഒരിക്കൽ കൈമാറിയ ഭൂമിയിൽ വീണ്ടും അവകാശം ഉന്നയിക്കുന്നത് അന്യായമാണെന്നു കെആർഎൽസിസി ‌ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

സ്ഥിരം പരിഹാരം വേണം: ക്ലീമീസ് ബാവാ

വൈപ്പിൻ ∙ മുനമ്പം ഭൂമി വിഷയത്തിൽ താൽക്കാലിക പരിഹാരമല്ല, സ്ഥിരം പരിഹാരമാണു വേണ്ടതെന്നു മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പ്രതീക്ഷയുണ്ടെന്നു മുനമ്പത്തു ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന നിരാഹാര സമരപ്പന്തലിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. നിലനിൽപിനു വേണ്ടിയുള്ള പോരാട്ടത്തിൽ മുനമ്പത്തുകാർക്കൊപ്പം കത്തോലിക്കാ സഭ അവസാനം വരെ ഉണ്ടാകുമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

English Summary:

Munambam Land Dispute: KRLCC Seeks Justice for Families, Demands Waqf Board Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com