‘ഒറ്റ രാത്രികൊണ്ട് വീടുകൾ പൊളിക്കാനാകില്ല; ഒഴിയാൻ സമയം നൽകണം’: ഉത്തർപ്രദേശിലെ ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി∙ നടപടിക്രമങ്ങൾ പാലിക്കാതെ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ പൊളിച്ച ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഒറ്റ രാത്രികൊണ്ട് വീടുകൾ പൊളിക്കാനാകില്ലെന്നും കുടുംബാംഗങ്ങൾക്ക് ഒഴിയാൻ സമയം നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു. റോഡ് കയ്യേറിയെന്നാരോപിച്ച് വീട് പൊളിച്ച നടപടിക്കെതിരായ ഹർജിയിലാണ് കോടതിയുടെ വിമർശനം. മനോജ് തിബ്രേവാൾ ആകാശ് എന്നയാളുടെ വീട് 2019ൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തെന്നാണ് പരാതി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നോട്ടിസ് നൽകാതെ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ പൊളിക്കുന്ന സംസ്ഥാന സർക്കാരിന്റെ സമീപനത്തെ, വാദത്തിനിടെ ബെഞ്ച് രൂക്ഷമായി വിമർശിച്ചു. ‘അയാൾ കയ്യേറ്റക്കാരനാണെന്ന് നിങ്ങൾ പറയുന്നു. എന്നാൽ നിങ്ങൾക്ക് എങ്ങനെ ആളുകളുടെ വീടുകൾ പൊളിക്കാൻ പറ്റും? ആരുടെയെങ്കിലും വീട്ടിൽ കയറി അറിയിപ്പ് കൂടാതെ വീട് പൊളിച്ചു മാറ്റുന്നത് നിയമലംഘനമാണ്. ഒറ്റരാത്രികൊണ്ട് വീട് പൊളിക്കാൻ സാധിക്കില്ല’’ – ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.
ഹർജിക്കാരന് 25 ലക്ഷം രൂപ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കോടതി പറഞ്ഞു. നിയമപ്രകാരമല്ലാതെ വീട് പൊളിച്ച ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കാനും കോടതി ആവശ്യപ്പെട്ടു. ഇത്തരം കേസുകളിൽ സംസ്ഥാന സർക്കാർ പാലിക്കേണ്ട മാർഗനിർദേശങ്ങളും കോടതി വ്യക്തമാക്കി. സമാന രീതിയിൽ 123 കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയെന്നും ഹർജിക്കാരനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ഭട്നാഗർ കോടതിയെ അറിയിച്ചു.