യുഎസിൽ ട്രംപ്; രണ്ടാംവരവിൽ ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്? നീല ട്രോളി ബാഗിൽ വിവാദം: പ്രധാനവാർത്തകള് ഒറ്റനോട്ടത്തിൽ
Mail This Article
യുഎസ് തിരഞ്ഞെടുപ്പിൽ ആര് വാഴും ആര് വീഴും എന്ന ഉദ്യോഗജനകമായ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഇന്നത്തെ പ്രധാനസംഭവം. അതിനൊപ്പം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചൂട് കനക്കവേ, പാലക്കാട് കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പൊലീസ് പരിശോധ നടത്തിയതും വൻ വിവാദത്തിന് തിരികൊളുത്തി.
അമേരിക്കയെ ‘ചുവപ്പിച്ച്’ റിപ്പബ്ലിക്കൻ നേതാവും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് അധികാരം ഉറപ്പിച്ചു. ട്രംപിന് 277 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 224 വോട്ടുകളാണ് നേടാനായത്.
പ്രവചനാതീതമെന്നു പ്രചാരണകാലത്തുടനീളം പറഞ്ഞുകേട്ട യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ വിജയമുറപ്പിച്ചത് ഡെമോക്രാറ്റിക് പാർട്ടിയുടെ നീലക്കോട്ടയിൽ ഒരിക്കൽക്കൂടി വിള്ളൽ വീഴ്ത്തിക്കൊണ്ടാണ്. പെൻസിൽവേനിയയിലെ മുന്നേറ്റമാണ് വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ തിരിച്ചുവരവിനു കളമൊരുക്കിയ പ്രധാന ഘടകങ്ങളിലൊന്ന്.
അധികാരത്തിലേക്ക് ഡോണൾഡ് ട്രംപാണെന്നു ഉറപ്പിച്ചതിനു പിന്നാലെ ആശംസകളുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിനെ സുഹൃത്തെന്ന് അഭിസംബോധന ചെയ്താണ് മോദി എക്സിലെ കുറിപ്പിലൂടെ ആശംസ അറിയിച്ചിരിക്കുന്നത്.
യുഎസിൽ റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് രണ്ടാമൂഴം ഉറപ്പിച്ചതോടെ ഡൽഹിയിലും കണക്കുകൂട്ടലുകൾ തുടങ്ങി. ട്രംപ് 2.O എങ്ങനെയാകും ഇന്തോ–യുഎസ് ബന്ധത്തിൽ പ്രതിഫലിക്കുകയെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. കുടിയേറ്റം, വ്യാപാരം, സൈനിക സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് സ്വീകരിക്കുന്ന നയങ്ങൾ എന്താകും എന്നത് ഇന്ത്യയെ സംബന്ധിച്ചും നിർണായകമാണ്.
അതേസമയം പാലക്കാട് റെയ്ഡുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിലെ ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടു. നീല ബാഗുമായി കെഎസ്‍യു പ്രവർത്തകൻ ഫെനി നൈനാൻ ഹോട്ടലിലേക്കു പോകുന്നതും മുറിയിലേക്ക് കയറുന്നതും ദൃശ്യങ്ങളിലുണ്ട്.