രാഹുലും ബാഗുകളും വ്യത്യസ്ത വാഹനങ്ങളില്‍; ഷാഫി നാടകം കളിച്ചെന്ന് സരിൻ, ഷാറൂഖ് ഖാന് വധിഭീഷണി: പ്രധാനവാർത്തകൾ ഒന്നിച്ച്
Mail This Article
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടുനിന്നും ഉയർന്ന കുഴൽപ്പണ ആരോപണത്തെ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലകുളും പ്രതികരണങ്ങളും തന്നെയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. സൽമാൻ ഖാന് പിന്നാലെ നടൻ ഷാറൂഖിന് എതിരെ വധഭീഷണി ഉയർന്നതും സർവകലാശാലാ ക്യാംപസിൽ ഉൾവസ്ത്രം മാത്രം ധരിച്ച് പ്രതിഷേധിച്ചതിന് പിന്നാലെ കാണാതായ ഇറാനിയൻ വിദ്യാർഥിനിയെക്കുറിച്ച് പുതിയ വിവരം ലഭിച്ചതും ശ്രദ്ധ നേടി.
പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ താമസിച്ച കെപിഎം റിജൻസി ഹോട്ടലിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നവംബർ 5ന് രാത്രി 10 മുതൽ 11.30 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് സിപിഎം കേന്ദ്രങ്ങൾ പുറത്തുവിട്ടത്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കോഴിക്കോട്ടേക്ക് പോയ വാഹനത്തിൽ അല്ല രണ്ടു ട്രോളി ബാഗുകൾ കൊണ്ടുപോയതെന്നും ബാഗുകൾ മറ്റൊരു വാഹനത്തിലാണ് കൊണ്ടുപോയതെന്നുമുള്ള സിപിഎം വാദം സാധൂകരിക്കുന്ന തരത്തിലാണ് ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
എന്നാൽ ഷാഫി പറമ്പിൽ പൊലീസിനു തെറ്റായ വിവരം നൽകി നാടകം കളിച്ചെന്നാണ് മണ്ഡലത്തിലെ ഇടതുസ്ഥാനാർഥി ഡോ.പി.സരിന്റെ ആരോപണം. ഹോട്ടലിലേക്ക് കള്ളപ്പണം എത്തിയതായാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പറയുന്നത്. കള്ളപ്പണം എത്തിച്ചതിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഇ.എൻ.സുരേഷ് ബാബു ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.
അതിനിടെ ബോളിവുഡ് കിങ് ഷാറൂഖ് ഖാന് എതിരെ വധഭീഷണി ഉയർന്നതായി വാർത്തകൾ പുറത്തുവന്നു. മുംബൈ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മുംബൈ ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഭീഷണി ഫോൺ കോളെത്തിയത്. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്‌പുരിൽ നിന്നായിരുന്നു കോൾ.
നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാൻ സ്വദേശിയെ കർണാടകയിൽനിന്ന് അറസ്റ്റു ചെയ്തു. ഭിക്കാറാം (32) ആണ് അറസ്റ്റിലായത്. ഇയാളെ മഹാരാഷ്ട്ര പൊലീസിനു കൈമാറി. മഹാരാഷ്ട്ര പൊലീസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
സർവകലാശാലാ ക്യാംപസിൽ ഉൾവസ്ത്രം മാത്രം ധരിച്ച് പ്രതിഷേധിച്ച ഇറാനിയൻ വിദ്യാർഥിനിയെ പ്രത്യേക പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയതായി പാരിസിലെ ഇറാനിയൻ എംബസി. ഭർത്താവിൽനിന്നു വേർപിരിഞ്ഞ യുവതി, രണ്ടു കുട്ടികളുടെ അമ്മയാണെന്നാണ് ഇറാനിയൻ എംബസിയുടെ പ്രസ്താവനയിൽ പറയുന്നത്.