ADVERTISEMENT

തിരുവനന്തപുരം∙ വനിതാ ജീവനക്കാരിയെ ‘മറുത’ എന്നു വിളിച്ച് ഡയറക്ടർ അധിക്ഷേപിച്ചെന്ന് ആരോപിച്ചു സാമ്പത്തിക സ്ഥിതി വിവര കണക്കു വകുപ്പിൽ ‘ഊമക്കത്ത്’ വിവാദം. ‘ഇരുണ്ടകാലം’ എന്ന പേരിലുള്ള കത്താണു ജില്ലാ ഓഫിസുകളിൽ വ്യാപകമായി പ്രചരിക്കുന്നത്. കത്തിന്റെ ഉറവിടത്തെക്കുറിച്ചു വകുപ്പ് അന്വേഷണം തുടങ്ങി. കത്തു വിവാദം പുകയുന്നതിനിടെ, ഊമക്കത്തിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ നടന്നിട്ടില്ലെന്നു ഡയറക്ടർ ‌നിർബന്ധപൂർവം എഴുതി വാങ്ങിച്ചെന്നു ഡപ്യൂട്ടി ഡയറക്ടർ സിപിഎം അനുകൂല സംഘടനയ്ക്കു പരാതി നൽകിയതോടെ വിഷയം ചർച്ചയാകുകയാണ്. 

എറണാകുളത്ത് മൂന്നാഴ്ച മുൻപു നടന്ന വകുപ്പുതല യോഗത്തിൽ പങ്കെടുക്കുന്നതിനിടെ സാമ്പത്തിക സ്ഥിതി വിവര കണക്കു വകുപ്പ് ഡയറക്ടർ ഒരു വനിതാ ജീവനക്കാരിയെ മറുത എന്നു വിളിച്ച് അധിക്ഷേപിച്ചെന്നാണു ആരോപണം. ഇതിനു തൊട്ടുപിന്നാലെയാണു കഴിഞ്ഞ ദിവസങ്ങളിൽ വകുപ്പിന്റെ ജില്ലാ ഓഫിസുകളിൽ ഊമക്കത്ത് പ്രചരിച്ചത്. വകുപ്പിലെ മറ്റൊരു ജീവനക്കാരിയെ ഡയറക്ടർ, കാണ്ടാമൃഗത്തോട് ഉപമിച്ചെന്നും ഊമക്കത്തിൽ പറയുന്നു.  

ഡയറക്ടറുടെ പരാമർശത്തിനെതിരെ ഒരു വിഭാഗം ജീവനക്കാർ സിപിഎം അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിക്കു പരാതി നൽകി. വനിതാ ജീവനക്കാരെ അധിക്ഷേപിച്ചു സംസാരിച്ചതിനെതിരെ ഡയറക്ടർക്കെതിരെ രണ്ടു മാസം മുൻപും പരാതികൾ ലഭിച്ചിരുന്നു. തുടർന്ന്, അസോസിയേഷൻ ഭാരവാഹികൾ ഡയറക്ടറുമായി സംസാരിച്ച് ഉചിതമായ നടപടിയല്ലെന്നു ചൂണ്ടിക്കാട്ടി. 

മറുത എന്നു വിളിച്ച് അധിക്ഷേപിച്ചതിനെതിരെ അസോസിയേഷനു കഴിഞ്ഞ ദിവസം പരാതി ലഭിച്ചു. ഇതേതുടർന്ന് വീണ്ടും അസോസിയേഷൻ ഭാരവാഹികൾ ഡയറക്ടറുമായി സംസാരിച്ചെങ്കിലും അദ്ദേഹം സംഘടനാ ഭാരവാഹികളെ അവഗണിച്ചെന്നും സൂചനയുണ്ട്. ഇതിനിടെ, എറണാകുളം ഡപ്യൂട്ടി ഡയറക്ടർ കഴിഞ്ഞ ദിവസം ഡയറക്ടറുടെ ഓഫിസിൽ എത്തിയിരുന്നു. ഊമക്കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എറണാകുളത്തെ യോഗത്തിൽ നടന്നിട്ടില്ല എന്ന് എഴുതിത്തരണമെന്ന് ഡയറക്ടർ ആവശ്യപ്പെട്ടെന്നും അതിനു കഴിയില്ല എന്നറിയിച്ചപ്പോൾ നിർബന്ധപൂർവം എഴുതി വാങ്ങിച്ചെന്നും ഡപ്യൂട്ടി ഡയറക്ടർ കെജിഒഎ ഭാരവാഹികൾക്കു നൽകിയ പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. ഡയറക്ടർക്കെതിരെ ഇതിനു മുൻപും വനിതാ ജീവനക്കാരിൽനിന്നു നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി എം.ഷാജഹാൻ പറഞ്ഞു. ഡയറക്ടറും അസോസിയേഷൻ അംഗമാണ്.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ ശരിയല്ലെന്നും വകുപ്പിലെ പരിഷ്കാരങ്ങൾ കർശനമാക്കിയതിനാലാണ് വ്യാജ പരാതികളെന്നും  ഡയറക്ടർ ബി.ശ്രീകുമാർ ‘മനോരമ’യോടു പറഞ്ഞു. എറണാകുളത്തു നടന്ന യോഗത്തെക്കുറിച്ച് ഡപ്യൂട്ടി ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും, നിർബന്ധപൂർവം ആരിൽനിന്നും റിപ്പോർട്ട് എഴുതി വാങ്ങിയില്ലെന്നും ശ്രീകുമാർ പറഞ്ഞു.

English Summary:

A scandal rocks the Kerala Department of Economics and Statistics as an anonymous letter exposes alleged verbal abuse and misconduct by the director towards women employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com