ജയരാജന് ഗോവിന്ദന്റെ അടിയന്തര നിർദേശം, മടിച്ചുമടിച്ച് ദിവ്യയ്ക്ക് എതിരെ നടപടി; മുഖം രക്ഷിച്ച് സിപിഎം
Mail This Article
കണ്ണൂര്‍ ∙ പാർട്ടി സമ്മേളനകാലത്ത് അച്ചടക്ക നടപടികൾ നീട്ടിവയ്ക്കുന്നതു മാറ്റിവച്ചാണ് ഓൺലൈനായി അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പി.പി. ദിവ്യയ്ക്കെതിരെ സിപിഎം നടപടിയെടുത്തത്. ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു പടിവാതിൽക്കൽ നിൽക്കെ ദിവ്യയ്ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നതു പാർട്ടിയെ ബാധിക്കുമെന്നായിരുന്നു നേതാക്കളുടെ വിലയിരുത്തൽ. വയനാട്ടിലും പാലക്കാട്ടും ചേലക്കരയിലും കുടുംബയോഗങ്ങളിലും സമ്മേളനങ്ങളിലും കോൺഗ്രസ് ഉന്നയിക്കുന്ന പ്രധാന ആരോപണം നവീൻ ബാബുവിന്റെ ആത്മഹത്യയാണ്. വൈകിയാണെങ്കിലും അച്ചടക്ക നടപടി സ്വീകരിച്ചതിലൂടെ ഒരു പരിധി വരെ സിപിഎമ്മിനു മുഖം രക്ഷിക്കാൻ കഴിയും.
ഇന്നലെയും ദിവ്യയെ പിന്തുണച്ചു നേതാക്കൾ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയപ്പോഴും, പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗമായ ദിവ്യയെ സംഘടനാ തലത്തിൽ നടപടിയെടുക്കാതെ പാർട്ടി ചേർത്തുനിർത്തിയിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിൽ ജില്ലാ കമ്മിറ്റിക്കു മറ്റു വഴികളില്ലാതായി. അടിയന്തരമായി ജില്ലാ കമ്മിറ്റി യോഗം വിളിച്ചു നടപടിക്കാര്യത്തെ കുറിച്ച് ആലോചിക്കാന്‍ ഇന്നലെ വൈകുന്നേരത്തോടെയാണു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജില്ലാ സെക്രട്ടറി എം.വി. ജയരാജനു നിർദേശം നൽകിയത്. അച്ചടക്ക നടപടിയെ ദിവ്യ അനുകൂലികള്‍ എതിര്‍ത്തു. ദിവ്യയെക്കൂടി കേട്ടതിനുശേഷം മാത്രം നടപടി മതിയെന്നായിരുന്നു അവരുടെ ആവശ്യം. ഈ ഘട്ടത്തില്‍ ദിവ്യയെ അനുകൂലിച്ചതു മൂന്നോ നാലോ അംഗങ്ങള്‍ മാത്രമായിരുന്നു. ബാക്കിയെല്ലാവരും നടപടിയെ പിന്തുണച്ചു. ദിവ്യയെ സിപിഎം സംരക്ഷിക്കുന്നു എന്ന പ്രതീതി പൊതുസമൂഹത്തിൽ ഉണ്ടായിരുന്നു. ഇതു വലിയ തിരിച്ചടിയാകുമെന്നു മുതിർന്ന അംഗങ്ങൾ വിലയിരുത്തി. നടപടിയെടുക്കാൻ മേൽക്കമ്മിറ്റിയുടെ അംഗീകാരം വേണം. ഇതിന്റെ ഭാഗമായാണു നേരത്തേ തീരുമാനിച്ച തിരക്കഥ അനുസരിച്ചു സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം തേടിയത്.
ഉത്തരം മുട്ടിയപ്പോൾ നടപടി
ദിവ്യയ്ക്കെതിരെ കേസ് റജിസറ്റർ ചെയ്ത് 20 ദിവസത്തിനു ശേഷമാണ് പാർട്ടി നടപടിയെന്നതാണു ശ്രദ്ധേയം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചല്ലോയെന്നും പാർട്ടി നടപടി ആഭ്യന്തരകാര്യമാണെന്നുമായിരുന്നു ഇക്കാര്യത്തിൽ നേരത്തേ എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നത്. എന്നാൽ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ കഴിഞ്ഞ് ഏരിയ സമ്മേളനങ്ങളിലേക്കു കടന്നപ്പോഴും ദിവ്യ വിഷയം ചൂടുള്ള ചർച്ചയായി. നവീൻ ബാബുവിന്റെ മരണത്തിൽ പലയിടത്തും പ്രാദേശികനേതാക്കൾ ഉയർത്തിയ ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകാനാകാത്ത സ്ഥിതിയും ഉണ്ടായി. ഇതോടെയാണു നടപടിയില്ലാതെ മറ്റു വഴിയില്ലെന്ന നിലയിലേക്കു സംസ്ഥാന നേതൃത്വം നീങ്ങിയത്. നവീൻ ബാബുവിനെ പിന്തുണച്ച് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും റവന്യൂ മന്ത്രിയും ഒറ്റക്കെട്ടായിനിന്നതും അവരുടെ നിരന്തര പ്രതികരണങ്ങളും സിപിഎം നേതാക്കളെ ചിന്തിപ്പിച്ചു.
നിയമസഭാ സീറ്റ് മോഹിച്ചു, ഒടുവിൽ ജയിലിലേക്ക്
സതീദേവി, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവർക്കുശേഷം മലബാറിൽനിന്ന് സിപിഎം വളർത്തിക്കൊണ്ടു വന്ന വനിത നേതാവാണ് പി.പി. ദിവ്യ. ഭാവി എംഎൽഎയും എംപിയും മന്ത്രിയും വരെയായി ദിവ്യയെ വാഴ്ത്തിയവരുമുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നതിനിടെയാണു വൻ വീഴ്ച. അപ്പോഴും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞതുപോലെ, ഇതുപോലെ അച്ചടക്ക നടപടി നേരിട്ടയാളാണ് പി. ശശിയെന്നതും അദ്ദേഹം ഇപ്പോൾ എവിടെ ഇരിക്കുന്നുവെന്നും ഓർക്കുന്നത് നല്ലതാകുമെന്ന വിലയിരുത്തൽ രാഷ്ട്രീയനിരീക്ഷകർ നടത്തുന്നത്.