ADVERTISEMENT

തിരുവനന്തപുരം ∙ പാലക്കാട്ടെ ട്രോളി വിവാദത്തിലും കണ്ണൂരിലെ പി.പി.ദിവ്യ വിഷയത്തിലും സിപിഎമ്മിനുള്ളില്‍ ഉയരുന്ന ഭിന്നാഭിപ്രായം പാര്‍ട്ടി നേതൃത്വത്തിന് തലവേദനയാകുന്നു. നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍, കീഴ്‌വഴക്കങ്ങളിൽനിന്നു വ്യത്യസ്തമായി വിവാദ വിഷയങ്ങളില്‍ ജില്ലാ നേതാക്കളുടെ ഭാഗത്തുനിന്നു രണ്ട് അഭിപ്രായം ഉയരുന്നത് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍, പത്തനംതിട്ടയില്‍ നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പവും കണ്ണൂരില്‍ പി.പി.ദിവ്യക്കൊപ്പവും എന്ന നിലപാട് സ്വീകരിക്കേണ്ട നിലയിലേക്കാണ് നേതൃത്വം എത്തിയിരിക്കുന്നത്. ദിവ്യക്കെതിരെ നിയമപരവും സംഘടനാപരവുമായ നടപടികള്‍ സ്വീകരിച്ചെങ്കിലും അവരെ പൂര്‍ണമായും കൈവിടാതെ, ‘പിശകു പറ്റിയ കേഡറിനെ’ തിരുത്തി മുന്നോട്ടു പോകാനാണ് പാര്‍ട്ടി തീരുമാനം. വിഷയത്തില്‍ അതിശക്തമായ നിലപാട് സ്വീകരിക്കുന്ന പത്തനംതിട്ടയിലെ നേതൃത്വത്തെ പിണക്കാതെ ഏതുതരത്തില്‍ പരിഹാരമുണ്ടാക്കാം എന്നു തല പുകയ്ക്കുകയാണ് പാര്‍ട്ടി.

പാലക്കാട്ട്, തലയിലായ നീല ട്രോളി കൂടെ കൊണ്ടുപോകണോ വഴിയില്‍ വലിച്ചെറിയണോ എന്നതിലാണ് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം മുറുകുന്നത്. ട്രോളി വിവാദം ഉപേക്ഷിക്കേണ്ടതല്ലെന്നും താന്‍ പറയുന്നതു മാത്രമാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടെന്നും തറപ്പിച്ചു പറഞ്ഞിരിക്കുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അല്ലാതെ വരുന്ന ഒരു അഭിപ്രായവും പാര്‍ട്ടിയുടേതല്ലെന്നും ട്രോളി വിവാദം എല്‍ഡിഎഫിന് വോട്ടാകുമെന്നും സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍.കൃഷ്ണദാസിനെ തള്ളി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കുന്നു.

‘ദിവ്യ’ദുഃഖത്തില്‍ പാര്‍ട്ടി

പത്തനംതിട്ടയിലെ പാര്‍ട്ടി നേതൃത്വത്തില്‍നിന്നു കടുത്ത സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്നാണ് ദിവ്യക്കെതിരായ സംഘടനാ നടപടിക്കു സംസ്ഥാന നേതൃത്വം നിര്‍ബന്ധിതമായത്. എന്നാല്‍ ദിവ്യക്കെതിരെ തിടുക്കപ്പെട്ട് നടപടി എടുക്കേണ്ടിയിരുന്നില്ലെന്നാണ് കണ്ണൂര്‍ നേതാക്കളുടെ അഭിപ്രായം. ജയിലില്‍ കിടന്ന സമയത്ത് തനിക്കെതിരെ സംഘടനാ നടപടി സ്വീകരിച്ചതില്‍ കടുത്ത അതൃപ്തിയാണ് ജയില്‍മോചിതയായ ദിവ്യ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അതേസമയം, പാര്‍ട്ടി കുടുംബത്തിന്റെ ഭാഗമായ നവീന്‍ ബാബുവിന്റെ മരണത്തില്‍ അതിശക്തമായ നിലപാടാണ് പത്തനംതിട്ടയിലെ സിപിഎം നേതൃത്വം സ്വീകരിക്കുന്നത്. കണ്ണൂരിലെ പാര്‍ട്ടി ദിവ്യക്ക് അനുകൂലമായി നില്‍ക്കുന്നത് പത്തനംതിട്ടയില്‍ വലിയൊരു വിഭാഗത്തെ പാര്‍ട്ടിക്ക് എതിരാക്കുമെന്ന കടുത്ത ആശങ്ക ജില്ലാ നേതൃത്വത്തിനുണ്ട്.

പാര്‍ട്ടിയുടെ യശസ്സിനു കളങ്കമുണ്ടാക്കുന്ന വിധത്തില്‍ പെരുമാറിയെന്നു ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി.ദിവ്യയെ തരംതാഴ്ത്താന്‍ പാര്‍ട്ടി തീരുമാനിച്ചെങ്കിലും അവരെ പൂർണമായും കൈവിടാതെയാണ് നേതാക്കള്‍ പ്രതികരിച്ചത്. ദിവ്യക്കു ജാമ്യം കിട്ടുമെന്നാണ് തന്റെയും പൊലീസിന്റെയും പ്രതീക്ഷയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തന്നെ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പ്രതികരിച്ചു. ജാമ്യം കിട്ടി ജയില്‍മോചിതയായ ദിവ്യയെ പാര്‍ട്ടി നേതാക്കള്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ദിവ്യയെ കാണാന്‍ നേതാക്കള്‍ പോയതില്‍ തെറ്റില്ലെന്ന നിലപാടാണ് എം.വി.ഗോവിന്ദനും വ്യക്തമാക്കിയത്. ‘ദിവ്യ പാര്‍ട്ടി കേഡറായിരുന്നു, കേഡര്‍ക്ക് പിശകുപറ്റി, അത് തിരുത്തി മുന്നോട്ടുപോകും’ എന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ.ശ്രീമതിയും മന്ത്രി ആര്‍.ബിന്ദുവും ദിവ്യയെ പിന്തുണച്ച് പ്രതികരണങ്ങളുമായെത്തി.

അതേസമയം, പി.പി.ദിവ്യക്കു പിന്നില്‍ മറ്റാരോ ഉണ്ടെന്നും നവീന്‍ ബാബുവിന്റേത് ആത്മഹത്യയാണെന്നു കരുതുന്നില്ലെന്നുമാണ് പത്തനംതിട്ടയിലെ സിപിഎം നേതാക്കള്‍ ഇപ്പോഴും പറയുന്നത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികള്‍ തൃപ്തികരമല്ലെന്നും ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്നും പത്തനംതിട്ടയിലെ സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍ വ്യക്തമാക്കി. മരണത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. പി.പി.ദിവ്യയ്ക്ക് പിന്നില്‍ മറ്റാരൊക്കെയോ ഉണ്ടെന്ന് സംശയിക്കുന്നു. നവീന്‍ ബാബുവിന്റേത് ആത്മഹത്യയാണെന്നു കരുതുന്നില്ല. പ്രശാന്തിന്റെ പരാതി വ്യാജമാണെന്ന് വ്യക്തമായിട്ടും ഉത്തരവാദിത്തപ്പെട്ടവര്‍ വിശദീകരണം നല്‍കിയിട്ടില്ല. പരാതി കിട്ടിയിരുന്നോയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കണമെന്നും മലയാലപ്പുഴ മോഹനന്‍ പറഞ്ഞു. പി.പി.ദിവ്യയ്‌ക്കെതിരായ നടപടി വൈകിയെങ്കിലും തൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയപ്പോള്‍ കോടതി വിധി സ്വാഗതം ചെയ്ത സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, അവരെ അറസ്റ്റ് ചെയ്യേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും പാര്‍ട്ടിയും സര്‍ക്കാരും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും പറഞ്ഞിരുന്നു.

തലയില്‍ കുടുങ്ങിയ നീല ട്രോളി

പാലക്കാട്ട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന ‘പെട്ടി’ വലിച്ചെറിയാനാണു സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍.കൃഷ്ണദാസ് ആവശ്യപ്പെടുന്നത്. സംഭവം സുവര്‍ണാവസരമാക്കി കൊഴുപ്പിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിക്കുമ്പോള്‍ അതു യുഡിഎഫിനു ഗുണമാകുമെന്നാണു മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. പെട്ടിവിഷയം മതിയാക്കി ജനങ്ങളെ ബാധിക്കുന്ന രാഷ്ട്രീയ വിഷയങ്ങളുമായി ഇടതുപക്ഷം മുന്നോട്ടു പോകണമെന്ന് എന്‍.എന്‍.കൃഷ്ണദാസ് ആവശ്യപ്പെട്ടതോടെയാണ് ഭിന്നാഭിപ്രായം കൂടുതല്‍ വെളിപ്പെട്ടത്. നിര്‍ണായകമായ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ പ്രമുഖരായ രണ്ടു നേതാക്കള്‍ പരസ്പരം 'ട്രോളുന്നതു' പോലെ സംസാരിക്കുന്ന രീതി സിപിഎമ്മില്‍ കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്.

ട്രോളി വിവാദം ചര്‍ച്ച ചെയ്യണമെന്നാണല്ലോ ജില്ലാ സെക്രട്ടറി പറയുന്നതെന്നു ചോദിച്ചപ്പോള്‍ ‘സമയമുള്ളവര്‍ ചര്‍ച്ച ചെയ്യട്ടെ, ഞങ്ങള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് അതിന് ഒഴിവില്ല’ എന്നാണു കൃഷ്ണദാസ് പരിഹസിച്ചത്. 'പെട്ടി ദൂരത്തെറിയാനുള്ള' കൃഷ്ണദാസിന്റെ ആഹ്വാനത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അദ്ദേഹത്തോടു ചോദിക്കണമെന്നും ഞങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും സുരേഷ് ബാബു തിരിച്ചടിച്ചു. പാര്‍ട്ടി നിലപാടില്‍നിന്നു വേറിട്ട അഭിപ്രായം പറഞ്ഞ സ്ഥാനാര്‍ഥി പി.സരിനെ തിരുത്തി വ്യക്തത വരുത്തിയെന്നു സ്വയം ആശ്വസിച്ചിരിക്കുമ്പോഴാണു സംസ്ഥാന കമ്മിറ്റി അംഗം തന്നെ തിരുത്തുന്നതു സുരേഷ് ബാബു കാണുന്നത്.

ഈ വിഷയം കോണ്‍ഗ്രസിന്റെ കെണിയാണെന്നും അതില്‍ പാര്‍ട്ടി തല വയ്ക്കരുതെന്നുമാണ് കൃഷ്ണദാസ് നല്‍കിയ മുന്നറിയിപ്പ്. ഷാഫി പറമ്പിലിനും കേന്ദ്രസര്‍ക്കാരിനുമെതിരെ രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ട സമയത്താണു പെട്ടിയുടെ പേരില്‍ പുകമറ സൃഷ്ടിക്കുന്നതെന്നാണു കൃഷ്ണദാസിന്റെ ആരോപണം. എന്നാല്‍, വിഷയം വീണ്ടും സജീവമാക്കുന്ന നിലപാടു തന്നെയാണ് ഇ.എന്‍.സുരേഷ്ബാബു തുടര്‍ന്നത്. രാഷ്ട്രീയ, ജനകീയ പ്രശ്‌നങ്ങള്‍ക്കൊപ്പം പെട്ടി വിഷയം ചര്‍ച്ച ചെയ്യാമെന്നതു പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

പെട്ടിവിവാദം ഷാഫിയുടെ നാടകമാണെന്ന് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി പി.സരിന്‍ പറഞ്ഞപ്പോള്‍, താന്‍ പറയുന്നതാണു പാര്‍ട്ടി നയമെന്നു ജില്ലാ സെക്രട്ടറി തിരുത്തിയിരുന്നു. വിഭാഗീയതയും സംഘടനാ പ്രശ്‌നങ്ങളും ഉപതിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നെന്ന വിലയിരുത്തല്‍ പാലക്കാടിനെ സംബന്ധിച്ചു സിപിഎമ്മിലുണ്ട്.

English Summary:

CPM internal conflicts kerala by elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com