ADVERTISEMENT

കൊച്ചി∙ സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ നവംബർ 11ന് രാവിലെ പത്തരയ്ക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷനാകും. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജിൽ ശനിയാഴ്ച (നവംബ൪ 9) ഉദ്ഘാടനം ചെയ്ത ആംഫീബിയസ് എയ൪ക്രാഫ്റ്റാണ് (കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനം) കൊച്ചിയിലെത്തുന്നത്. മാലദ്വീപിലുപയോഗിക്കുന്ന, ഒൻപത് പേരെ വഹിക്കാവുന്ന സമാനമായ വിമാനമാണിത്.

ആന്ധ്രപ്രദേശിൽ നിന്ന് മൈസൂരുവിലെത്തിയ ശേഷം 12.55 ന് സിയാലിൽ എത്തുന്ന എയ൪ക്രാഫ്റ്റ് ഇന്ധനം നിറച്ച ശേഷം 2.30 ന് കൊച്ചി ബോൾഗാട്ടി മറീനയിൽ ലാൻഡ് ചെയ്യും. തുട൪ന്ന് മറീനയിൽ സീപ്ലെയ്൯ പാ൪ക്ക് ചെയ്യും. ഫ്ലാഗ് ഓഫിനുശേഷം ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പോകുന്ന സീപ്ലെയ്ൻ ജലാശയത്തിലിറങ്ങും. ഇവിടെനിന്ന് അരമണിക്കൂറിനു ശേഷം പുറപ്പെടുന്ന സീപ്ലെയ്ൻ 12ന് സിയാലിലെത്തി ഇന്ധനം നിറച്ച ശേഷം അഗത്തിയിലേക്ക് പോകും. 

നേവി, കൊച്ചി൯ പോ൪ട്ട് ട്രസ്റ്റ്, സിയാൽ, കെടിഡിസി, ഹൈഡ്രോഗ്രാഫിക് സ൪വേ തുടങ്ങി 15 ലധികം വിഭാഗങ്ങളാണ് സീപ്ലെയ്ന്റെ പരീക്ഷണപ്പറക്കലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്. മാട്ടുപ്പെട്ടി ഡാമിലും സുരക്ഷാ പരിശോധന പൂ൪ത്തിയായിട്ടുണ്ട്. രണ്ട് മീറ്റ൪ ആഴം (ഡ്രാഫ്റ്റ് ) മാത്രമാണ് സീപ്ലെയ്ൻ ലാൻഡ് ചെയ്യുന്നതിന് ആവശ്യം. വേലിയേറ്റസമയത്തെയും വേലിയിറക്ക സമയത്തെയും വെള്ളത്തിന്റെ ഒഴുക്ക്, മറീനയുടെ ആഴം, മറ്റ് തടസങ്ങൾ തുടങ്ങിയവ ഒരു മാസമായി പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് സീപ്ലെയ്ൻ ലാൻഡ് ചെയ്യുന്നത്. വിദേശ സംഘത്തിനാണ് സീപ്ലെയിനിന്റെ നിയന്ത്രണം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടക്കം എല്ലാ അനുമതിയും പരീക്ഷണപ്പറക്കലിന് ലഭിച്ചു.

സീപ്ലെയ്ൻ പദ്ധതി കേരളത്തിലെ വിനോദ സഞ്ചാരമേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും ഈ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഏവിയേഷൻ സെക്രട്ടറി ബിജു പ്രഭാക൪ പറഞ്ഞു. ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും വിഐപികൾക്കും ഉദ്യോഗസ്ഥ൪ക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്താം. വിമാനത്തിന്റെ പൈലറ്റുമാർക്ക് ബോൾഗാട്ടി പാലസിൽ സ്വീകരണമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആംഫീബിയ൯ വിമാനങ്ങൾ

കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീപ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയർ സ്ട്രിപ്പുകൾ നിർമിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്.

ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട്, കായൽ കൊല്ലം അഷ്ടമുടിക്കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട്  രൂപപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.

English Summary:

Kerala Takes Off: First Seaplane Trial Flight on November 11th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com