ആധിപത്യം ഉറപ്പിച്ച് ട്രംപ്; മേഴ്സിക്കുട്ടിയമ്മ ആരെന്ന് പ്രശാന്ത്; ഗ്യാസ് ചേംബറാകുമോ കൊച്ചി- പ്രധാനവാർത്തകൾ
Mail This Article
വായു മലിനീകരണത്തെ തുടർന്നുണ്ടാകുന്ന ശ്വാസകോശ രോഗങ്ങൾ കാരണമാണ് ലോകത്ത് കൂടുതൽ മനുഷ്യരും മരിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. വായു മലിനീകരണത്തിന്റെ കാര്യത്തിൽ ഇന്ത്യ ഒട്ടും പിന്നിലല്ല. രാജ്യതലസ്ഥാനമായ ഡൽഹി, ലോകത്തിലെ തന്നെ ഏറ്റവും വായു മലിനീകരണമുള്ള സ്ഥലങ്ങളിലൊന്നാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള സ്ഥലങ്ങളിൽ മെട്രോ നഗരമായ കൊച്ചിയും തലസ്ഥാനമായ തിരുവനന്തപുരവും തന്നെയാണ് മുന്നിൽ. കുറച്ചുനാൾ കൂടി കഴിഞ്ഞാൽ കൊച്ചി മറ്റൊരു ഡൽഹിയായി മാറാൻ സാധ്യതയുണ്ടോ? വിശദമായി വായിക്കാം.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അന്തിമഫലം പുറത്തുവന്നു. അരിസോണയിലെ ഫലപ്രഖ്യാപനം കൂടി പൂർത്തിയായതോടെ ഡോണൾഡ് ട്രംപിന് ലഭിച്ച മൊത്തം ഇലക്ടറൽ വോട്ടുകളുടെ എണ്ണം 312 ആയി. 226 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് കമല ഹാരിസിന് നേടാനായത്. അതേസമയം, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ ഡെമോക്രാറ്റ് പാർട്ടി കടക്കെണിയിൽപ്പെട്ടെന്ന് റിപ്പോർട്ട്. യുഎസ് മാധ്യമമായ പൊളിറ്റിക്കോയുടെ കലിഫോർണിയ ബ്യൂറോ ചീഫ് ക്രിസ്റ്റഫർ കാഡെലാഗോയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ കമല ഹാരിസിന്റെ പ്രചാരണം അവസാനിച്ചത് 2 കോടി യുഎസ് ഡോളറിന്റെ (20 ദശലക്ഷം – 168.79 കോടി ഇന്ത്യൻ രൂപ) കടത്തിലാണെന്ന വിവരം പുറത്തുവിട്ടത്.
കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെ, ആരോപണം ഉന്നയിച്ച മുൻമന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണു കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത്. മേഴ്സിക്കുട്ടിയമ്മ ആരാണെന്നാണ് പ്രശാന്തിന്റെ ചോദ്യം. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെയുള്ള ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ എന്നൊരാൾ കമന്റിട്ടിരുന്നു. ഇതിനു മറുപടിയായായണ് ‘ഹൂ ഈസ് ദാറ്റ്’ എന്ന് പ്രശാന്ത് ചോദിച്ചത്.
കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ സ്വപ്നങ്ങൾക്കു ചിറകുനൽകി സീപ്ലെയിൻ യാഥാർഥ്യമാകുന്നതാണു മറ്റൊരു പ്രധാന വാർത്ത. കരയിലും വെള്ളത്തിലുമിറങ്ങുന്ന വിമാനം പരീക്ഷണ പറക്കലിന്റെ ഭാഗമായി കൊച്ചി ബോൾഗാട്ടി മറീനയിൽ ലാൻഡ് ചെയ്തു. നെടുമ്പാശേരിയിൽ ഇന്ധനം നിറയ്ക്കാനെത്തിയ വിമാനത്തിന് വാട്ടർ സല്യൂട്ട് നൽകി. തുടർന്ന് കൊച്ചി ബോൾഗാട്ടി മറീനയിൽ എത്തിയ വിമാനത്തിന് ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവരെത്തി വൻ വരവേൽപ്പാണ് നൽകിയത്.