ആരാധനാലയങ്ങളും മതചിഹ്നവും പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി
Mail This Article
കൽപറ്റ∙ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ആരാധനാലയവും മതചിഹ്നങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞദിവസം പള്ളിക്കുന്ന് ദേവാലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളിൽ വൈദികരുടെയും സന്യസ്‌തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നാണ് പരാതി. ടി.സിദ്ദിഖ് എംഎൽഎ, വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ ഞായറാഴ്ചയാണ് പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തിലെത്തിയത്.
ദേവലയത്തിനകത്ത് വൈദികർ പ്രത്യേക പ്രാർഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രീകരിച്ച് പ്രചാരണത്തിന് ഉപയോഗിച്ചു. ആരാധനാലയത്തിനുള്ളിൽ വിശ്വാസികളോട് വോട്ട് അഭ്യർഥിച്ചു. നിയമത്തിന്റെ നഗ്നമായ ലംഘനമാണ് യുഡിഎഫ് സ്ഥാനാർഥി നടത്തിയതെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു.