ഉമ്മ വച്ച്, കെട്ടിപ്പിടിച്ച് കരഞ്ഞു; പൂക്കൾ നൽകി, ദുരന്തബാധിതരുടെ സംഗമ സ്ഥലമായി ചൂരൽമല പോളിങ് സ്റ്റേഷൻ
Mail This Article
മേപ്പാടി∙ ദുരന്ത ബാധിതരുടെ സംഗമ സ്ഥലമായി ചൂരൽമലയിലെ പോളിങ് സ്റ്റേഷൻ. ഒരു വീടുപോലെ കഴിഞ്ഞിരുന്നവരിൽ പലരും ഉരുൾപൊട്ടലിൽ പലനാടുകളിലേക്ക് ചിതറിപ്പോയി. അവർക്കെല്ലാം ഒരിക്കൽ കൂടി ഒരുമിച്ചുകൂടാനുള്ള വേദിയായി ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ പോളിങ് ബൂത്ത്. വോട്ടു ചെയ്യാനെത്തിയവർ പലരും കെട്ടിപ്പിടിച്ചു കരഞ്ഞു. ഉമ്മവയ്ക്കുകയും വിങ്ങിപ്പൊട്ടുകയും ചെയ്യുന്ന നിരവധിപ്പേരെയും പോളിങ് സ്റ്റേഷനിൽ കാണാമായിരുന്നു. ചൂരൽമലയിലെ പോളിങ് സ്റ്റേഷനിലേക്ക് പ്രത്യേകം കെഎസ്ആർടിസി ബസ് സർവീസ് ഏർപ്പെടുത്തിയിരുന്നു. വോട്ടു ചെയ്യാൻ എത്തിയവരെ പൂക്കൾ നൽകിയാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോളിങ് സ്റ്റേഷനിലേക്ക് പോകാൻ കൂടെയുണ്ടായിരുന്ന പലരും ഇന്നുണ്ടായിരുന്നില്ല. ഒരുകാലത്ത് കുടുംബം പോലെ കഴിഞ്ഞവർ ദുരന്തം ഉരുൾപൊട്ടി ഒഴുകിയ രാത്രിയിൽ പലയിടത്തേക്കായി ചിതറിത്തെറിക്കുകയായിരുന്നു. ഉറ്റവരെ കാണാനും ചേർത്തു പിടിച്ച് ആശ്വസിക്കാനും കൂടി വേണ്ടിയാണ് പലരും ദൂരങ്ങൾ താണ്ടി വോട്ട് ചെയ്യാൻ എത്തിയത്.
എന്നും കണ്ടിരുന്ന ഷഹർദാനും മൊയ്തീനും പോളിങ് സ്റ്റേഷനിൽ വീണ്ടും കണ്ടുമുട്ടിയപ്പോൾ സന്തോഷം അടക്കാനായില്ല. ഒരു ഗ്ലാസിലെ ചായ ഒരുമിച്ചു കുടിച്ചിരുന്നവരാണ് ഞങ്ങളെന്ന് മൊയ്തീൻ പറഞ്ഞു. 40 വർഷം ഒരുമിച്ച് എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന കൂട്ടുകാരികൾ ദുരന്തത്തിനു ശേഷം ആദ്യമായി കണ്ടുമുട്ടുന്ന ഇടമായും പോളിങ് സ്റ്റേഷൻ മാറി. 90 കഴിഞ്ഞ നബീസുമ്മയ്ക്കും കമലമ്മയ്ക്കും വിശേഷങ്ങൾ പറഞ്ഞിട്ട് തീരുന്നുണ്ടായിരുന്നില്ല. എല്ലാ ദുരന്തങ്ങളും താണ്ടി അവർ വീണ്ടും വോട്ടു ചെയ്യാനെത്തി.
211 വോട്ടർമാരെയാണ് ഉരുൾപൊട്ടലിൽ ഒറ്റയടിക്ക് നഷ്ടമായത്. വോട്ട് ചെയ്യാനെത്തില്ലെന്ന ഉറപ്പിലും ലിസ്റ്റിൽ നിന്ന് പേരുകൾ നീക്കം ചെയ്തില്ല. മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായിരുന്നവർ 167, 168, 169 ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഈ പ്രദേശത്തുണ്ടായിരുന്നവരടക്കമുള്ള ലിസ്റ്റിൽ ദുരന്തത്തിൽ നഷ്ടപ്പെട്ട, കാണാതായ 211 പേരുടെ പ്രത്യേകം ലിസ്റ്റ് (അപ്സന്റ് ഷിഫ്റ്റ് ഡെത്ത് ലിസ്റ്റ്) തയാറാക്കി. ഒറ്റയടിക്ക് ഇത്രയും പേരുകൾ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും നീക്കം ചെയ്യാൻ സാധിക്കാത്തതിനാലാണ് പ്രത്യേകം ലിസ്റ്റ് പുറത്തിറക്കിയത്. മൂന്ന് ബൂത്തുകളിലായിട്ടാണ് നഷ്ടപ്പെട്ടവരുടെ പേരുകൾ അവശേഷിക്കുന്നത്. ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഹാളിലെ 167, 169 ബൂത്തുകളിൽ യഥാക്രമം 27, 71 പേരാണുള്ളത്. മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലുള്ള 168–മാത്തെ ബൂത്തിലാണ് ഏറ്റവും കൂടുതൽ പേരുള്ളത്. 113 പേർ.
ദുരിതബാധിതർക്ക് ഇതുവരെ കാര്യമായി കിട്ടിയത് വാഗ്ദാനം മാത്രമാണ്. പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ സാധിക്കില്ലെങ്കിലും സാധാരണ ജീവിതം നയിക്കാനെങ്കിലും സർക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ദുരന്ത ബാധിതർ വോട്ടു ചെയ്യാനെത്തിയത്.